ചേലിയയുടെ പ്രിയപ്പെട്ട പാട്ടുകാരി; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് തിളക്കത്തില്‍ കൊയിലാണ്ടിക്കാരി മൃദുല വാര്യർ


കൊയിലാണ്ടി: മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലൂടെ കൊയിലാണ്ടി ചേലിയയുടെ അഭിമാനമായി മാറിയിരിക്കുകയാണ് മൃദുല വാര്യര്‍. പത്തൊമ്പതാം നൂറ്റാണ്ടിലെ മയില്‍പ്പീലി ഇളകുന്നു കണ്ണാ.. എന്ന മനോഹര ഗാനത്തിലൂടെയാണ് 2022ലെ മികച്ച പിന്നണി ഗായികയ്ക്കുള്ള അവാര്‍ഡ് മൃദുല സ്വന്തമാക്കിയത്.

ഐഡിയ സ്റ്റാര്‍ സിംഗര്‍ വേദിയിലൂടെയാണ്‌ മൃദുല കരിയര്‍ തുടങ്ങുന്നത്. 2007ല്‍ പുറത്തിറങ്ങിയ ഗോള്‍ എന്ന ചിത്രത്തിലെ ഓ മറിയ.. എന്ന ഗാനമാലപിച്ചാണ്‌ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് മൃദുല തുടക്കം കുറിച്ചത്. പിന്നാലെ ചെറുതും വലുതുമായി നിരവധി സിനിമകളില്‍ പാടി. എന്നാല്‍ 2013ല്‍ പുറത്തിറങ്ങിയ കളിമണ്ണിലെ ലാലി ലാലീ…. എന്ന ഗാനത്തിലൂടെ മൃദുല വീണ്ടും പ്രേക്ഷക മനസില്‍ ഇടം പിടിച്ചു. ഗാനത്തിലൂടെ ആ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക ജൂറി പരാമര്‍ശവും മൃദുലയ്ക്ക് ലഭിച്ചു.

കളിമണ്ണിന് ശേഷം മിലി, എവിടെ, സലാം കാശ്മീര്‍, ഉത്സാഹകമ്മിറ്റി തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്നു. ഇതിനിടയില്‍ വനിത ഫിലിം അവാര്‍ഡ്, ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് തുടങ്ങി വിവിധങ്ങളായ അവാര്‍ഡുകളും മൃദുലയെ തേടിയെത്തി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും പാടിയിട്ടുണ്ട്.

ആയുർവേദ ഡോക്ടറായ അരുൺ വാര്യരാണ് മൃദുലയുടെ ഭർത്താവ്. പിവി രാമന്‍കുട്ടി വാര്യര്‍, എംടി വിജയലക്ഷ്മി എന്നിവരാണ് മാതാപിതാക്കള്‍.