കോഴിക്കോട് ഹോട്ടലുടമയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി ട്രോളിബാഗിലാക്കി ഉപേക്ഷിച്ചു; ഹോട്ടൽ ജീവനക്കാരനും പെൺസുഹൃത്തും പിടിയിൽ


കോഴിക്കോട്: തിരൂർ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം ട്രോളിബാഗിലാക്കി അട്ടപ്പാടി ചുരത്തിൽ തള്ളി. ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ എഴൂർ മേച്ചേരി വീട്ടിൽ ബീരാന്റെ മകൻ സിദ്ദിഖ് (58) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഹോട്ടലിലെ ജീവനക്കാരായ യുവാവും ഇയാളുടെ സുഹൃത്തായ യുവതിയും കസ്റ്റഡിയിൽ. ഇയാളുടെ ഹോട്ടലിൽ ജോലിചെയ്തിരുന്ന ചെർപ്പുളശ്ശേരി സ്വദേശി ഷിബിലി (22), ഫർഹാന (18) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.

ഹോട്ടലുടമയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി ട്രോളിബാ​ഗിലാക്കി ഉപേക്ഷിക്കുകയായിരുന്നു. ട്രോളി ബാഗിലാക്കി അട്ടപ്പാടിയിലെ അഗളിയിൽ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വച്ചാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം.

ഈ മാസം 24 മുതൽ സിദ്ദിഖിനെ കാണാനില്ലായിരുന്നുവെന്നു കാണിച്ച് മകൻ പോലീസിൽ പരാതി നൽകിയിരുന്നു. ഒരാഴ്ചമുമ്പ് വീട്ടിൽനിന്ന് പോയ സിദ്ദിഖ് തിരിച്ചെത്തിയില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫുമായി. അക്കൗണ്ടിൽനിന്ന് ഒരുലക്ഷം രൂപ പിൻവലിച്ചതായി മകന് സന്ദേശം കിട്ടിയതോടെ സംശയംതോന്നി തിരൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.

ഇതിന്റെ തുടർച്ചയായി തിരൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തുവന്നത്. സിദ്ദിഖിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തിനടുത്ത ലോഡ്ജിൽ മുറിയെടുത്തതായി കണ്ടെത്തിയത്. ഇവിടെ ഷിബിലിയും ഫർഹാനയും മറ്റൊരു മുറിയെടുത്തതായും കണ്ടെത്തി. ഇവർ ബാഗുമായി പോകുന്നതും സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് പോലീസ് കണ്ടെത്തി.

പ്രവാസിയായിരുന്ന സിദ്ദിഖ് മുൻപ് തിരൂർ ഏഴൂർ പി.സി. പടിയിൽ ഹോട്ടൽ നടത്തിയിരുന്നു. വർഷങ്ങളായി കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തിവരുകയായിരുന്നു. ഷക്കീലയാണ് ഭാര്യ. മക്കൾ: സുഹൈൽ, ഷിയാസ്, അഡ്വ. ഷംല, ഷാഹിദ്.