കര്‍ണാടകയില്‍ താമര വാടി; ലീഡില്‍ കേവലഭൂരിപക്ഷം കടന്ന് കോണ്‍ഗ്രസ്, ബി.ജെ.പി ക്യാമ്പ് മൂകം


ബംഗളുരു: കര്‍ണാടകയില്‍ മോദി പ്രഭാവം ഏറ്റില്ല. കര്‍ണാടകയിലെ ശക്തി കേന്ദ്രങ്ങളില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. കേവലഭൂരിപക്ഷമായ 113 പിന്നിട്ട് കോണ്‍ഗ്രസ് വ്യക്തമായ ആധിപത്യം പുലര്‍ത്തി ലീഡ് ചെയ്യുകയാണ്. എ.ഐ.സി.സി ആസ്ഥാനത്തടക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിട്ടുണ്ട്.

ബി.ജെ.പിയുടെ കാര്‍പെറ്റ് ബോംബിങ് പ്രചാരണം ഫലിച്ചില്ലെന്ന് തിരഞ്ഞെടുപ്പിലെ ഇതുവരെയുള്ള ഫലം വ്യക്തമാക്കുന്നു. പ്രധാനമന്ത്രി പ്രചാരണത്തിനിറങ്ങിയിട്ട് പോലും ഉറച്ച മണ്ഡലങ്ങളില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ല. ബെംഗളുരു നഗരമേഖലയിലും തീരദേശ കര്‍ണാടകയിലുമാണ് ബി.ജെ.പി മുന്നിട്ടു നില്‍ക്കുന്നത്. തിരിച്ചടിയില്‍ പ്രതികരിക്കാതെ ബി.ജെ.പി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ തുടരുകയാണ്. മുഖ്യമന്ത്രി ബസവരാജ ബൊമ്മെ ഷിഗോണില്‍ ഇരുപത്തിയയ്യായിരത്തിലേറെ വോട്ടിന് ലീഡ് ചെയ്യുകയാണ്.

ഇതുവരെ 114 സീറ്റുകളുടെ ലീഡാണ് കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്നത്. 44.4ശതമാനം വോട്ട് കോണ്‍ഗ്രസ് ഇതുവരെ നേടിക്കഴിഞ്ഞു. എന്നാല്‍ 75 സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 30 സീറ്റുകളുടെ ലീഡ് നിലയാണ് ജെഡിഎസിനുള്ളത്. 224 സീറ്റുകളുള്ള സംസ്ഥാനത്ത് 113 സീറ്റിന്റെ കേവല ഭൂരിപക്ഷമാണ് ലഭിക്കേണ്ടത്. ഓള്‍ഡ് മൈസൂരിലെ 64 സീറ്റുകളില്‍ കോണ്‍ഗ്രസ് 38, ബിജെപി 6, ജെഡിഎസ് 18, മറ്റുള്ളവര്‍ 2 എന്നിങ്ങനെയാണ് ലീഡ്. തീരദേശ കര്‍ണാടകയില്‍ 19 സീറ്റുകളില്‍ കോണ്‍ഗ്രസ് 6, ബിജെപി 13 ഉം സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്.

ജയം ഉറപ്പിച്ചാല്‍ ഉടന്‍ ബെംഗളുരുവില്‍ എത്താന്‍ സ്ഥാനാര്‍ത്ഥികളോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ ബി.ജെ.പി കേന്ദ്രം ഏറെ നിരയാശയിലാണ്. ആഘോഷങ്ങളില്ലാതെ നിശബദ്ധമായി ഫലം ശ്രദ്ധിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെയാണ് ഇവിടെ കാണാനാകുന്നത്. ജെ.ഡി.എസ് നിര്‍ണ്ണായകമാകുമെന്ന സുചനകളും ലഭിക്കുന്നുണ്ട്. ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് തങ്ങളാകുമെന്ന ഉറപ്പിലാണ് ജെ.ഡി.എസ്. ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും അത് സമയമാകുമ്പോള്‍ പുറത്തുവിടുമെന്നുമാണ് ജെ.ഡി.എസ് വ്യക്തമാക്കുന്നത്.