ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം ഹൃദയാഘാതത്തെ; ചികിത്സ വൈകിപ്പിക്കല്ലേ
ഹൃദയാഘാതം ഇന്ന് പ്രായ-ലിംഗ ഭേദമെന്യേ ഏവരെയും ഭയപ്പെടുത്തുന്ന ഒന്നാണ്. നെഞ്ചില്‍ ചെറിയൊരു വേദന വന്നാല്‍ മതി നമുക്കുണ്ടാവുന്ന ആധി ഈ പേടിയുടെ ഫലമാണ്. ആഗോളതലത്തില്‍ തന്നെ ഹൃദയാഘാതം മൂലം മരിക്കുന്ന രോഗികളുടെ എണ്ണം വളരെ വലതാണ്. ഇന്ത്യയിലെ കണക്കും ആശങ്കപ്പെടുത്തുന്നതാണ്.
പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് അനുസരിച്ച് ചെറുപ്പക്കാര്‍ക്കിടയിലും ഹൃദയാഘാതത്തിന്റെ തോത് കൂടി വരുന്ന സാഹചര്യമാണ്. ഹൃദയാഘാതം സമയബന്ധിതമായി തിരിച്ചറിയുകയോ പ്രാഥമിക ചികിത്സ ലഭ്യമാക്കുകയോ ചെയ്തില്ലെങ്കിലാണ് അത് പലപ്പോഴും രോഗിയുടെ ജീവനെടുക്കുന്ന അവസ്ഥയിലേക്ക് നീങ്ങുന്നത്. മിക്ക കേസുകളിലും ആശുപത്രിയിലെത്തിക്കാന്‍ വൈകി, പ്രാഥമിക ചികിത്സ വൈകിയെന്നതാണ് രോഗിയുടെ മരണത്തിന് കാരണമാകാറ്.
ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ക്ക് മറ്റ് ചില ആരോഗ്യ പ്രശ്നങ്ങളുടേതുമായി നല്ല സാമ്യമുണ്ട്. അതിനാല്‍ ലക്ഷണങ്ങള്‍ കണ്ടാലും നിസാരമായ ആരോഗ്യപ്രശ്നങ്ങളുടേതാണെന്ന് കരുതി ചികിത്സ വൈകിക്കുന്നത് രോഗിയെ അപകടാവസ്ഥയിലാക്കും. ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണമായ നെഞ്ചുവേദന തന്നെയാണ് ആളുകള്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു ലക്ഷണം. എന്നാല്‍ ഡോക്ടര്‍മാര്‍ പറയുന്നത് അനുസരിച്ച് ഹൃദയാഘാതത്തിന്റെ നെഞ്ചുവേദന നമുക്ക് തിരിച്ചറിയാന്‍ സാധിക്കും.
അത്രയും അസഹനീയമായ വേദനായിരിക്കുമത്രേ ഹൃദയാഘാതത്തിന്റെ നെഞ്ചുവേദന. ഇതുതന്നെയാണ് തിരിച്ചറിയാന്‍ സഹായിക്കുന്നൊരു സവിശേഷത. ഇതിന് പുറമെ തോളുകള്‍, കൈകള്‍, കീഴ്ത്താടി, വയറ്, മുതുക് എന്നിവിടങ്ങളിലെല്ലാം ഹൃദയാഘാതത്തിന്റെ ഭാഗമായി വേദന അനുഭവപ്പെടാം.
എന്നാല്‍ ചിലര്‍ക്ക് ഹൃദയാഘാതത്തിന്റെ സൂചനയായി വേദന അനുഭവപ്പെടണമെന്നില്ല. എങ്കിലും ഇവരിലും നെഞ്ചില്‍ അസ്വസ്ഥത, മുറുക്കം, സമ്മര്‍ദ്ദം എന്നിവയുണ്ടാകാം. ഇതെല്ലാം തന്നെ അസ്വാഭാവികമായി അനുഭവപ്പെടുമെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. നെഞ്ചുവേദനയാണെങ്കില് മിനുറ്റുകളോളം അസഹനീയമായ വേദന അനുഭവപ്പെടാം. എന്നിട്ട് അത് തിരികെ പോയി വീണ്ടും വരാം. ഇതും ശ്രദ്ധിക്കേണ്ടൊരു സവിശേഷതയാണ്.
തളര്‍ച്ച, ഓക്കാനം, നെഞ്ചിടിപ്പ് ഉയരുക, ശ്വാസതടസം, അസാധാരണമാംവിധം വിയര്‍ക്കല്‍, കാലുകളില്‍ നീര് എന്നിങ്ങനെയുള്ള ലക്ഷണങ്ങളും ഹൃദയാഘാതത്തിന്റെ ഭാഗമായി വരുന്നവയാണ്. ഈ ലക്ഷണങ്ങളും ഏറെ ശ്രദ്ധിച്ച് നിരീക്ഷിക്കുക.