താനൂര്‍ ബോട്ടപകടം; ബോട്ടുടമക്കെതിരെ കൊലക്കുറ്റം ചുമത്തി, സ്രാങ്കും ജീവനക്കാരനും ഒളിവില്‍, സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു


മലപ്പുറം: താനൂരില്‍ 15 കുട്ടികളടക്കം 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തില്‍ ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഐപിസി 302 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ പ്രതികളായ ബോട്ടിന്റെ സ്രാങ്കും ജീവനക്കാരനും ഒളിവിലാണെന്നും ഇവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്പി അറിയിച്ചു.

അപകടത്തില്‍ കൂടുതല്‍ പേരെ കാണാതായെന്ന് ഇതുവരെ പരാതികളില്ലെന്ന് പറഞ്ഞ അദ്ദേഹം ബോട്ടിനു പെര്‍മിറ്റ്, അനുമതി എന്നിവ എങ്ങനെ കിട്ടിയെന്ന് അന്വേഷിക്കുമെന്നും ബോട്ട് സാങ്കേതിക വിദഗ്ദരെ കൊണ്ട് പരിശോധിപ്പിക്കുമെന്നും പറഞ്ഞു.

മരിച്ച പോലീസുകാരന്‍ സബറുദ്ദീന്‍ ഡാന്‍സാഫ് താനൂര്‍ ടീം അംഗമായിരുന്നെന്ന് എസ്പി പറഞ്ഞു. ഡ്യൂട്ടിക്കിടെ ആണ് സബറുദ്ദീന് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പരിശോധിക്കണം. ബോട്ടപകടവുമായി ബന്ധപ്പെട്ട് നാസറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കും. ബോട്ട് സര്‍വീസിന് അനുമതി ലഭിച്ചതിലുണ്ടായ വീഴ്ചകള്‍ അന്വേഷണ പരിധിയില്‍ വരും. തെരച്ചില്‍ നിര്‍ത്തുന്നത് മന്ത്രി ഉള്‍പ്പെട്ട അവലോകനം യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് പറഞ്ഞ അദ്ദേഹം ആരെയെങ്കിലും കാണാതായെന്ന വിവരം ഇതുവരെ ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

അതേസമയം സംഭവത്തില്‍ കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. അത്യധികമായ ദുഖഭാരത്താല്‍ ഹൃദയത്തില്‍ നിന്ന് രക്തം പൊടിയുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ഹൈക്കോടതി തുടങ്ങിയത്. മരിച്ച 22 കുടുംബങ്ങളുടെ വിലാപം തങ്ങളെ പൊള്ളിക്കുന്നുണ്ട്. പക്ഷേ ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇനിയതുണ്ടാകരുതെന്ന് കരുതിയാണ് ഇടപെടുന്നതെന്ന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

താനൂര്‍ അപകടത്തില്‍ ബോട്ടുടമയെ മാത്രമല്ല ഉത്തരാവാദികളായ ഉദ്യോഗസ്ഥരെക്കൂടിയാണ് നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത്. അവര്‍ രക്ഷപെട്ടുപോകാന്‍ കോടതി അനുവദിക്കില്ല. ഇത്തരം ദുരന്തം ഇനിയും എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം. അതുകൊണ്ട് ജുഡീഷ്യറിക്ക് ഇനി കണ്ണടച്ച് ഇരിക്കാനാകില്ലെന്ന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പനും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.