കണ്ണീർ കടലായി താനൂർ, വിനോദയാത്രാ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി, രക്ഷാപ്രവർത്തനം തുടരുന്നു


മലപ്പുറം: പരപ്പനങ്ങാടി കേട്ടുങ്ങൽ ബീച്ചിൽ വിനോദയാത്രാ ബോട്ട് മുങ്ങിയുള്ള അപകടത്തിൽ മരണസംഖ്യ ഉയരുന്നു. ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ 16 മരണം സ്ഥിരീകരിച്ചു. 6 പേരെ ഇതിനകം രക്ഷപ്പെടുത്താനായിട്ടുണ്ട്. രക്ഷാ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്.

അവധി ദിനമായതിനാല്‍ തീരത്ത് സന്ദര്‍ശകര്‍ ധാരാളമുണ്ടായിരുന്നു. കയറാവുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ബോട്ടിലുണ്ടായിരുന്നുവെന്നാണ് സംശയം. പരപ്പനങ്ങാടി, താനൂര്‍ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ അധികവും മരിച്ചവരില്‍ ഒരു സ്ത്രീയും രണ്ടുകുട്ടികളും ഉള്‍പ്പെടുന്നു. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ഏകോപിതമായി അടിയന്തിര രക്ഷാപ്രവര്‍ത്തനം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറം ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുഴുവന്‍ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടല്‍ നടന്നു വരികയാണ്.

മലപ്പുറത്തു നിന്നും കോഴിക്കോട് നിന്നും കൂടുതൽ ഫയർ യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. താനൂരിന് അടുത്ത് ഓട്ടുമ്പ്രം തൂവൽ തീരം എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. കയറാവുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ബോട്ടിലുണ്ടായിരുന്നുവെന്ന് സംശയം. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് ബോട്ടിലുണ്ടായിരുന്നതെന്നും പ്രദേശവാസികൾ പറയുന്നു.