കൈവിലങ്ങുകൊണ്ട് എസ്.ഐയുടെ തലയ്ക്കടിച്ച് കഞ്ചാവ് കേസ് പ്രതി; ആക്രമണം വടകര മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കാന്‍ പോയപ്പോള്‍


വടകര: കഞ്ചാവ് കേസിലെ പ്രതികളെ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കാന്‍ പോയ എസ്.ഐയുടെ തലയ്ക്ക് കൈവിലങ്ങുകൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച് പ്രതി. ബാലുശ്ശേരിയില്‍ വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയതിന് പിടിയിലായ നാലംഘ സംഘത്തിലുള്ള അജിത് വര്‍ഗീസാണ് പൊലീസുകാരനെ ആക്രമിച്ചത്. നാദാപുരം കണ്‍ട്രോള്‍ റൂം എസ്.ഐയും ആവള സ്വദേശിയുമായ രവീന്ദ്രനാണ് പരിക്കേറ്റത്.

ഇന്നലെ രാത്രിയോടെ വടകര കീര്‍ത്തി മുദ്ര തിയേറ്ററിന് സമീപമുള്ള മജിസ്‌ട്രേറ്റിന്റെ വസതിയ്ക്ക് മുമ്പില്‍ വെച്ചായിരുന്നു സംഭവം. പ്രതികള്‍ക്കൊപ്പം പോയ രണ്ട് പോലീസുകാര്‍ അകത്തേക്ക് കടന്ന സമയത്ത് അജിത് വര്‍ഗീസ് ഒപ്പമുണ്ടായിരുന്ന രവീന്ദ്രന്റെ തലയ്ക്ക് കൈവിലങ്ങുകൊണ്ട് അടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ രവീന്ദ്രനെ വടകര താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.

സംഭവവുമായി ബന്ധപ്പെട്ട് പ്രതിയ്‌ക്കെതിരെ സെക്ഷന്‍ ഐ.പി.സി 332, 308, 294ബി വകുപ്പുകള്‍ പ്രകാരം വടകര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബാലുശ്ശേരി എകരൂല്‍ അങ്ങാടിക്ക് സമീപം മെയിന്‍ റോഡില്‍ വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയ കേസിലാണ് അജിത് വര്‍ഗീസടക്കം നാലുപേര്‍ പിടിയിലായത്. കണ്ണൂര്‍ അമ്പായത്തോട് പാറച്ചാലില്‍ അലക്്സ് വര്‍ഗീസ്( 24) സഹോദരന്‍ അജിത് വര്‍ഗീസ് (22), താമരശ്ശേരി തച്ചംപൊയില്‍ ഇ.കെ.പുഷ്പ എന്ന റജിന (40) രാരോത്ത് പരപ്പന്‍പൊയില്‍ സനീഷ്‌കുമാര്‍(38) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഒമ്പത് കിലോ കഞ്ചാവും ഒരുലക്ഷത്തി പതിനാലായിരം രൂപയും ഇവരില്‍ നിന്നും കണ്ടെടുത്തിരുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെ പൊലീസ് വാടക വീട് റെയ്ഡ് ചെയ്യുകയായിരുന്നു. ബാലുശേരിയിലും സമീപ പ്രദേശങ്ങളിലും വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ കഞ്ചാവെത്തിക്കുന്ന സംഘമാണ് പിടിയിലായത്.