”അവനെ ആരോ കുടുക്കിയതാണ്, ബ്രയിന്‍വാഷ് ചെയ്തിട്ടുണ്ടാവാം’ എന്ന് എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയുടെ അച്ഛന്‍; പ്രതി കുറ്റം സമ്മതിച്ചെന്ന് മഹാരാഷ്ട്ര എ.ടി.എസ്
കൊയിലാണ്ടി: മകനെ ആരോ ബ്രയിന്‍വാഷ് ചെയ്തിട്ടുണ്ടാവാമെന്ന് എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാഹ്‌റൂഖ് സെയ്ഫിയുടെ അച്ഛന്‍ ഫക്രുദ്ദീന്‍. അവനെ ആരോ കുടുക്കിയതാണ്. അവന്‍ ഏതെങ്കിലും സംഘടനയുടെ ഭാഗമല്ല, ക്രിമില്‍ പശ്ചാത്തലവുമില്ല. പൊലീസ് അന്വേഷണത്തില്‍ വിശ്വസിച്ച് കാത്തിരിക്കുകയാണെന്നും ഫക്രുദ്ദീന്‍ മാധ്യമങ്ങളോടു പറഞ്ഞു.
ഇന്നലെ സെയ്ഫിയുടെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ അയാളുടെ പുസ്തകങ്ങള്‍, ഫോണ്‍ എന്നിവ പിടിച്ചെടുത്തിരുന്നു. തങ്ങള്‍ക്കറിയാവുന്ന എല്ലാ കാര്യങ്ങളും പൊലീസിനോട് പറഞ്ഞുവെന്നും മകന്‍ ഒറ്റയ്ക്ക് കേരളത്തിലേക്ക് പോവില്ലെന്ന് തന്നെയാണ് വിശ്വാസമെന്നുമാണ് കുടുംബം ആവര്‍ത്തിക്കുന്നത്.
അതിനിടെ, എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പിടിയിലായ പ്രതി ഷഹ്‌റൂഖ് സെയ്ഫി കുറ്റം സമ്മതിച്ചു. മഹാരാഷ്ട്ര എ.ടി.എസാണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. പ്രതിയെ പിടികൂടിയത് രത്‌നഗിരി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണെന്നും രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍ പ്രതി വലയിലായതെന്നും മഹാരാഷ്ട്ര എ.ടി.എസ് വ്യക്തമാക്കി.
ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് പ്രതി റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിയത്. പിടിയിലാവുമ്പോള്‍ മോട്ടോറോളാ കമ്പനിയുടെ ഫോണ്‍, ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, കൊടാക് ബാങ്ക് എ.ടി.എം എന്നിവ കയ്യിലുണ്ടായിരുന്നുവെന്നും മഹാരാഷ്ട്ര എ.ടി.എസ് വിശദീകരിച്ചു.
അതേസമയം പ്രതിയെ കേരള പൊലീസിന് കൈമാറിയിട്ടുണ്ട്. എത്രയും വേഗം കേരളത്തിലെത്തിക്കാനുള്ള നടപടികള്‍ തുടരുകയാണ്. കൂടുതല്‍ പേരിലേക്ക് കേസന്വഷണം നീളുകയാണ്. ചിലരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതായും വിവരമുണ്ട്.