ഇത് സര്‍ക്കാറിന്റെ വിഷുക്കൈനീട്ടം; വിഷുപ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ ഒരുമിച്ച് വിതരണം ചെയ്യും



തിരുവനന്തപുരം: വിഷു പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ തുകയായ 3,200 രൂപ ഒരുമിച്ച് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്തെ 60 ലക്ഷത്തോളം പേര്‍ക്കുള്ള വിഷുക്കൈനീട്ടമാണിതെന്ന് ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ഇതിനായി 1,871 കോടി രൂപ അനുവദിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനത്തിന്റെ ഭാഗമായി സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന ഘട്ടത്തിലും വര്‍ഷാന്ത്യ ചെലവുകള്‍ക്കായി 22,000 കോടി രൂപ മാര്‍ച്ച് മാസത്തില്‍ മാത്രം അനുവദിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നുവെന്ന് ധനമന്ത്രി പറഞ്ഞു.

വര്‍ഷാന്ത്യ ചെലവുകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിനു തൊട്ടുപിന്നാലെ കേരളത്തിലെ സാധാരണക്കാരായ 60 ലക്ഷത്തോളം ആളുകളിലേക്ക് രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ ഒരുമിച്ചെത്തിച്ചുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുകയാണ് സര്‍ക്കാരെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ തുകയായ 3,200 രൂപ ഏപ്രില്‍ മാസം പത്താം തീയതി മുതല്‍ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.