കലാരംഗത്തെ അതുല്യപ്രതിഭകള്‍ക്ക് അംഗീകാരം; സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്കാരം മേപ്പയ്യൂര്‍ ബാലനും ശിവദാസ് ചേമഞ്ചേരിക്കും
മേപ്പയൂര്‍: കേരള സംഗീത നാടക അക്കാദമിയുടെ ഈ വര്‍ഷത്തെ ഗുരുപൂജ പുരസ്കാരം സംഗീതരംഗത്തെ അതുല്യപ്രതിഭ മേപ്പയൂര്‍ ബാലനും ശിവദാസ് ചേമഞ്ചേരിക്കും ലഭിച്ചു. കലാരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരം.
1953 ഡിസംബര്‍ 20ന് മേപ്പയൂരിലെ കുഞ്ഞിക്കണ്ടിയില്‍ ഇ.പി നാരായണന് ഭാഗവതരുടെയും മാണിക്യത്തിന്റെയും മകനായാണ് ബാലന് ജനിച്ചത്. ഒന്‍പതാം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വേദിയില്‍ സംഗീതത്തില്‍ അരങ്ങേറ്റം കുറിച്ചു. പതിമൂന്നാം വയസ്സില്‍ കഥാപ്രസംഗം അവതരിപ്പിച്ചു തുടങ്ങി. സ്പാര്‍ട്ടക്കസ്, യയാതി, കര്ണന്, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ തുടങ്ങി പതിനഞ്ചോളം കഥകള്‍ നിരവധി വേദികളില്‍ അവതരിപ്പിച്ചു. മുപ്പത് വര്‍ഷം കഥാപ്രസംഗവേദിയില്‍ സജീവമായിരുന്നു. പതിനഞ്ചു വയസു മുതല്‍ നാടകങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചു. ഇരുപത്തഞ്ചോളം നാടകങ്ങള്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു.
നിരവധി അമേച്വര്‍ നാടകങ്ങള്‍ക്കും ചെറുകാടിന്റെ നമ്മളൊന്ന്, മതിലേരി കന്നി തുടങ്ങി രണ്ട് പ്രൊഫഷണല്‍ നാടകത്തിനും സംഗീതസംവിധാനം നിര്‍വ്വഹിച്ചു. സംഗീതഅധ്യാപകന്‍ കൂടിയാണ് ബാലന്. ഹാര്‍മോണിസ്റ്റ്, പിയാനോ വാദകന്‍, ചിത്രകാരന് തുടങ്ങിയ മേഖലകളിലും കഴിവു തെളിയിച്ചു.
കലാ-സാംസ്കാരിക രംഗത്ത് സജീവമാണ്. ഭാര്യ: ശാന്ത. മക്കള്‍: സലീല്‍, സംഗീത്, സായി ബാലന്, ശോണിമ ബാലന്.
കഴിഞ്ഞ 49 വര്‍ഷമായി പൂക്കാട് കലാലയത്തില്‍ സ്ഥാപകാംഗം, തബല, മൃദംഗം അധ്യാപകന്, വാദ്യ വിഭാഗം തലവന്‍, പ്രിന്‍സിപ്പാള്‍, പ്രവര്‍ത്തകസമിതി അംഗം, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. 50 ഓളം നാടകങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചു.
ലളിതഗാനങ്ങള്‍, ഭക്തിഗാനങ്ങള്‍, വാദ്യവൃന്ദ, ഭജന്‍സ്, നൃത്തഗാനങ്ങള്‍ എന്നിവ സംവിധാനം ചെയ് അവതരിപ്പിച്ചു. ആകാശവാണിയിലും കേഷ്വല്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ച് വരുന്നുണ്ട്.