ബൈക്ക് യാത്രികരായ ദമ്പതികളുടെ മരണം; എല്‍.ഐ.സി ജങ്ഷനില്‍ ട്രാഫിക് പരിഷ്‌കാരങ്ങള്‍ തുടങ്ങി, പ്രധാനമാറ്റങ്ങള്‍ ഇവയാണ്
കോഴിക്കോട്: ബൈക്ക് യാത്രികരായ വൃദ്ധ ദമ്പതികള്‍ അപകടത്തില്‍പ്പെട്ട് മരിച്ച സംഭവത്തിനു പിന്നാലെ മാനാഞ്ചിറ എല്‍.ഐ.സി ജങ്ഷനില്‍ ട്രാഫിക് പരിഷ്‌കാരത്തിന് നടപടി തുടങ്ങി. ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ എ.ജെ.ജോണ്‍സണ്‍ സ്ഥലത്ത് നേരിട്ടെത്തിയാണ് ട്രാഫിക് മാറ്റങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ച് ബുധനാഴ്ച മുതല്‍ മാറ്റങ്ങള്‍ ആരംഭിച്ചു.
സിറ്റി ബസ്, സിറ്റിക്ക് പുറത്തേക്ക് പോകുന്ന ബസ്, കെ.എസ്.ആര്‍.ടി.സി ബസ് എന്നിങ്ങനെ നേരത്തെ മൂന്നുവരിയിലൂടെ ബസ് സ്‌റ്റോപ്പില്‍ നിന്ന് ആളെ കയറ്റിയിരുന്ന രീതി നിര്‍ത്തലാക്കി. എല്ലാ വാഹനങ്ങളും ഇനി ഒരൊറ്ററ വരിയിലൂടെ അകത്ത് കടന്ന് ആളെ കയറ്റി അതേ വരിയിലൂടെ തന്നെ പുറത്തേക്ക് പോകണം.
കൂടുതല്‍ ഡിവൈഡറുകള്‍ നിരത്ത് ബസ് ബേയുടെ നീളവും വീതിയും കൂട്ടി. ബസുകള്‍ ഇവിടെ നിര്‍ത്തിയിടാന്‍ പാടില്ല. ആളെ കയറ്റി എത്രയും വേഗം ബസ് ബേയില്‍ നിന്ന് പുറത്തുകടക്കണം.
കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ രണ്ട് പൊലീസുകാരെ ഇവിടെ വിന്യസിക്കും.
മാനാഞ്ചിറ മൈതാനത്തിന്റെ തെക്കുവശത്തുള്ള നടപ്പാതയോട് ചേര്‍ന്നുനില്‍ക്കുന്ന മരങ്ങളുടെ കൊമ്പുകള്‍ ചില്ലില്‍ തട്ടുന്നത് ഒഴിവാക്കാന്‍ ബസുകള്‍ അകറ്റി എടുക്കുന്നത് കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നുണ്ട്. ഇത് പരിഹരിക്കാന്‍ മരങ്ങളുടെ കൊമ്പ് അടിയന്തരമായി വെട്ടിമാറ്റാന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പട്ടാളപ്പള്ളിക്ക് മുമ്പില്‍ സ്ഥാപിച്ചിരുന്ന പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്തു. കമ്മീഷണര്‍ ഓഫീസിനു മുന്നിലൂടെ കിഡ്‌സണ്‍ കോര്‍ണറിലേക്ക് വാഹനങ്ങള്‍ അമിത വേഗതയില്‍ വരുന്നത് തടയാന്‍ മാനാഞ്ചിറ മൈതാനത്തിന്റെ പ്രവേശന കവാടത്തിനു മുന്നില്‍ ഹംപ് സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്.