ഫെബ്രുവരിയിലെ റേഷൻ വാങ്ങാത്തവർക്ക് സന്തോഷവാർത്ത; റേഷൻ വിതരണ സമയം നീട്ടി, പുതുക്കിയ തിയ്യതിയും ലഭിക്കുന്ന അരിയുടെ വിശദാംശങ്ങളും ഇതാ


കോഴിക്കോട്: ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച് നാല് ശനിയാഴ്ചവരെ നീട്ടിയതായി ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. മാ‍ർച്ച് മാസത്തെ റേഷൻ വിതരണം ആറാം തിയ്യതി മുതൽ ആരംഭിക്കും.

സംസ്ഥാനത്തെ എല്ലാ റേഷൻ കടകളുടെയും നാളെ മുതലുള്ള പ്രവർത്തന സമയം നേരത്തേയുണ്ടായിരുന്നതു പോലെ പുന:ക്രമീകരിച്ചു. റേഷന്‍കടകള്‍ രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ തുറന്നു പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദേശം. ഉച്ചയ്ക്ക് ശേഷം നാല് മണി മുതല്‍ വൈകിട്ട് ഏഴുവരെയും പ്രവര്‍ത്തിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2023 മാ‍ർച്ച് മാസത്തെ റേഷൻ വിഹിതം ഇപ്രകാരമാണ്:

എഎവെെ- കാർഡിന് 30 കിലോ അരിയും മൂന്നു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. രണ്ട് പാക്കറ്റ് ആട്ട 6 രൂപ നിരക്കിലും ഒരു കിലോ പഞ്ചസാര 21 രൂപയ്ക്കും ലഭിക്കും.

പി.എച്ച്.എച്ച് കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവിൽ നിന്നും രണ്ട് കിലോ കുറച്ച് അതിനുപകരം രണ്ട് പാക്കറ്റ് ആട്ട 8 രൂപ നിരക്കിലും ലഭിക്കുന്നതാണ്.

എൻ.പി.എസ് കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ ലഭിക്കും.

എൻ.പി.എൻ.എസ് കാർഡിന് എട്ട് കിലോ അരി കിലോയ്ക്ക് 10 .90 രൂപ നിരക്കിൽ ലഭിക്കും

എൻ.പി.ഐ കാർഡിന് രണ്ട് കിലോ അരി കിലോയ്ക്ക് 10.90 നിരക്കിൽ ലഭിക്കും.

Summary: February Ration distribution time extended