പച്ചക്കറികളും വാഴക്കുലകളും തിന്നുതീര്‍ക്കുന്നു, ടെറസില്‍ പോലും കൃഷി ചെയ്യാനാവാത്ത അവസ്ഥ; ബാലുശ്ശേരിയില്‍ മലയോര മേഖലയില്‍ കര്‍ഷകരുടെ അന്നംമുട്ടിക്കാന്‍ മയിലുകളും
ബാലുശ്ശേരി: പന്നികളെപ്പേടിച്ച് പറമ്പില്‍ കൃഷി ചെയ്യാനാവാത്ത അവസ്ഥ, കുരങ്ങുകള്‍ കൂട്ടത്തോടെ ഇറങ്ങിയതോടെ തേങ്ങയുടെ കാര്യവും കഷ്ടം, ഇപ്പോള്‍ ആകെ ആശ്രയമായുണ്ടായിരുന്ന ടെറസിലെ പച്ചക്കറി കൃഷി പോലും നടക്കില്ലെന്ന അവസ്ഥയിലാണ് ബാലുശ്ശേരിയുടെ മലയോര മേഖല നിവാസികള്‍. മയിലുകള്‍ വലിയ തോതില്‍ ജനവാസ മേഖലയിലേക്ക് വരുന്നതും പച്ചക്കറികള്‍ തിന്നുനശിപ്പിക്കുന്നതുമാണ് കര്‍ഷകര്‍ക്ക് വിനയാവുന്നത്.
തലയാട്, പടിക്കല്‍വയല്‍, കല്ലുള്ളതോട്, ചീടിക്കുഴി, മങ്കയം, കിനാലൂര്‍ എസ്റ്റേറ്റ് എന്നിവിടങ്ങളിലാണ് കര്‍ഷകര്‍ മയിലുകളെക്കൊണ്ട് ബുദ്ധിമുട്ടുന്നത്.
ചേന, ചേമ്പ്, കപ്പ, വാഴ തുടങ്ങിയ കൃഷികളെല്ലാം ഇതിനകം കാട്ടുപന്നികള്‍ നശിപ്പിച്ചു . കര്‍ഷകര്‍ക്ക് പിന്നെ ആകെയുള്ള പ്രതീക്ഷ നാളികേരമായിരുന്നു. വീടുകളുടെ ടെറസില്‍ എത്തുന്ന മയിലുകള്‍ ചെടികളുടെ തളിരിലകളും വിത്തുകളും പച്ചക്കറികളുമെല്ലാം തിന്ന് തീര്‍ക്കുകയാണ്. പറമ്പിലുള്ള വാഴകളില്‍ കുലകള്‍ മൂത്തവരുമ്പോഴേക്കും മയിലുകള്‍ തിന്നുതീര്‍ക്കുന്ന സ്ഥിതിയാണ്.
പച്ചക്കറി കൃഷി ഇറക്കാനുള്ള സീസണായതിനാല്‍ വയലുകളിലും മറ്റും കുടുംബശ്രീ, ജനശ്രീ പ്രവര്‍ത്തകര്‍, സ്വയം സഹായ സംഘങ്ങള്‍ ഇപ്പോള്‍ പച്ചക്കറികള്‍ നടുന്ന തിരക്കിലാണ്. ഇവയ്‌ക്കെല്ലാം ഭീഷണിയായി മാറിയിരിക്കുകയാണ് മയിലുകള്‍.
മുമ്പൊക്കെ വല്ലപ്പോഴും ഒന്നോ രണ്ടോ മയിലുകളെ എത്താറുണ്ടായിരുന്നുള്ളു. ഇപ്പോള്‍ കൂട്ടത്തോടെയാണ് എത്തുന്നത്.