സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കേ പുസ്തകത്താളുകളിലൂടെ മാത്രമറിഞ്ഞ കാപ്പാടിന്റെ ചരിത്രമറിയാന്‍ കാപ്പാട് കടലോരത്ത് എത്തിയ അരുണാചല്‍ എഴുത്തുകാരി ഡോ. ജമുനാ ബിനി കണ്ടത് അത്ഭുതങ്ങളുടെ തീരം
എ.സജീവ് കുമാര്‍
കൊയിലാണ്ടി: സാമൂതിരിയും പോര്‍ച്ചുഗീസുകാരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടുതലറിയാനാണ് അരുണാചല്‍ പ്രദേശില്‍ നിന്നുള്ള എഴുത്തുകാരി ഡോ. ജമുന ബീനി മകന് ഗോഗുലിനൊപ്പം യൂറോപ്യന്‍ അധിനിവേശത്തിന് ആരംഭം കുറിച്ച കാപ്പാടിന്റെ മണ്ണിലെത്തിയത്. അരുണാചലിലെ നിഷി ഗോത്രഭാഷയിലെ ചെറുകഥാകൃത്തും കവയിത്രിയും ഇറ്റാനഗറിലെ രാജീവ് ഗാന്ധി കേന്ദ്ര സര്‍വ്വകലാശാലയിലെ ഹിന്ദി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമാണവര്‍.
വാസ്കോഡ ഗാമ കപ്പലിറങ്ങിയതിന്റെ സാക്ഷ്യപത്രമായ സ്തൂപമാണ് ആദ്യം കണ്ടത്. ലോകത്തെ ചുരുക്കം സമുദ്രതീരങ്ങള്‍ക്ക് മാത്രമുള്ള അംഗീകാരമായ ബ്ളൂ ഫ്ളാഗെന്ന അംഗീകാരം ലഭിച്ച ശാന്തമായ കടല്‍ തീരം കാണാനുള്ള ആഗ്രഹം സഫലമായതിലുള്ള ആനന്ദവും ആശ്ചര്യവും പ്രകടിപ്പിച്ചാണവര് കാപ്പാടില്‍ നിന്ന് തിരിച്ചു പോയത്.
സുഗന്ധവ്യഞ്ജനങ്ങള്‍ക്കായി അതിസാഹസികമായി സമൂദ്ര യാത്ര നടത്തിയ നാവികനും അന്വേഷകനുമായി അവര്‍ ഗാമയെ കണ്ടെങ്കിലും, യൂറോപ്പുമായുള്ള വാണിജ്യ സാധ്യതകള്‍ തേടിയുള്ള യാത്ര അധിനിവേശത്തില്‍ കലാശിച്ചതിലുള്ള രോഷവും എഴുത്തുകാരി വാക്കുകളിലൂടെ പ്രകടിപ്പിച്ചു. ഗാമ പോര്‍ച്ചുഗീസ് ആധിപത്യത്തിലൂടെ തുടക്കമിട്ട അധിനിവേശത്തില്‍ നിന്ന് ഭാരതീയര്‍ പുതിയ പാഠങ്ങള്‍ പഠിക്കണമെന്നും ഇന്നും പല തരം അധിനിവേശങ്ങള്‍ തുടരുകയാണന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.
സാമൂതിരി രാജാവും പോര്‍ച്ചുഗീസുകാരും തമ്മിലുള്ള ബന്ധത്തെ കുറിച്ചും സംഘര്ഷത്തെക്കുറിച്ചുമെല്ലാം അവര്‍ ചോദിച്ചറിഞ്ഞു. ഭാഷാ സമന്വയ വേദി പ്രസിഡന്റും ജമുനയുടെ കഥകളുടെ വിവര്ത്തകന് കൂടിയായ ഡോ. ആര്‍സു, സെക്രട്ടറി ഡോ. ഒ വാസവന്, കെ.എം. വേണുഗോപാല്‍, സജിത്ത് കുന്നത്ത്, ഉണ്ണി ഗോപാലന്, പ്രശോഭ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
വിനോദ സഞ്ചാരികള്‍ മാത്രമല്ല ധാരാളം ചരിത്രാന്വേഷകരും എഴുത്തുകാരും കാപ്പാടിനെ കുറിച്ചറിഞ്ഞ് എത്തുന്നുണ്ട് എന്ന തിരിച്ചറിവ് പ്രദേശത്തിനുണ്ടാക്കാന്‍ ഡോ. ജമുനയുടെ വരവിലൂടെ കഴിഞ്ഞു. തീരത്തുണ്ടായിരുന്ന നിരവധി കുട്ടികള്‍ ചോദ്യങ്ങളുമായി അവരുടെ ചുറ്റും കൂടിയത് വേറിട്ട കാഴ്ചയായി. കാപ്പാട് തീരത്തിരുന്ന് അരുണാചലിലെ സാഹിത്യത്തെയും കലയെയും കുറിച്ച് സംസാരിച്ച അവര്‍ നിഷി ഗോത്രഭാഷയിലെഴുതിയ കവിതയും അവതരിപ്പിച്ചാണ് തിരിച്ചു പോയത്.