കലാ-കായിക ശാസ്ത്ര രംഗത്ത് കഴിവ് തെളിയിച്ചവർക്ക് സ്‌കോളര്‍ഷിപ്പ്; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (26/12/22) അറിയിപ്പുകൾ


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം

ജി.എസ്.ടി യൂസിങ് ടാലി വിഷയത്തില്‍ നൈപുണ്യ പരിശീലനം സംഘടിപ്പിക്കുന്നു

കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രവും അസാപ്പ് കേരളയും സംയുക്തമായി ജി.എസ്.ടി യൂസിങ് ടാലി എന്ന വിഷയത്തില്‍ നൈപുണ്യ പരിശീലനം നല്‍കുന്നു. യോഗ്യത  ബി.കോം, എം.കോം, ബിബിഎ, എംബിഎ (ഫിനാന്‍സ്) താല്പര്യമുളളവര്‍ ഡിസംബര്‍ 30 ന് 4 മണിക്ക് മുന്‍പായി യോഗ്യതകള്‍ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2766563.

ബീറ്റ് ഫോറസ്റ്റ് ഓഫീസർ അഭിമുഖം

കോഴിക്കോട് ജില്ലയിൽ വനംവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (ഉപജീവനത്തിന് വേണ്ടി വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട പട്ടികവർഗ്ഗക്കായുള്ള പ്രത്യേക നിയമനം) (കാറ്റഗറി നമ്പർ 092/2022 ആൻഡ്‌ 093/2022) തസ്തികയുടെ കായികക്ഷമതാ പരീക്ഷ വിജയിച്ച ഉദ്യോഗർത്ഥികൾക്ക് അഭിമുഖം നടത്തുന്നു. ഡിസംബർ 28, 29 തിയ്യതികളിൽ കോഴിക്കോട് സിവിൽസ്റ്റേഷനിലെ ജില്ലാ പി.എസ്.സി ഓഫീസിലാണ് അഭിമുഖം. ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിൽ അഡ്മിഷൻ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാൽ വ്യക്തിഗത ഇന്റർവ്യൂ മെമ്മോ അയക്കുന്നതല്ലന്ന് ജില്ലാ പിഎസ്‌സി ഓഫീസർ അറിയിച്ചു. അഡ്മിഷൻ ടിക്കറ്റ് ലഭ്യമായിട്ടില്ലാത്തവർ പിഎസ്‌സി ജില്ല ഓഫീസുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക്: 0495-2371971.

ജീവതാളം പദ്ധതി: പരിശീലന പരിപാടി സംഘടിപ്പിച്ചു

സംസ്ഥാന സർക്കാരിൻ്റെ സമ്പൂർണ ജീവിതശൈലീ രോഗനിയന്ത്രണ പരിപാടി ‘ജീവതാള’ത്തിൻ്റെ ഭാഗമായി തിക്കോടി ഗ്രാമപഞ്ചായത്തിലെ വളണ്ടിയർമാർക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു.

മേലടി സി.എച്ച്.സി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ആരോഗ്യ -വിദ്യഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേർസൺ കെ.പി ഷക്കീല അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ആർ.വിശ്വൻ പഞ്ചായത്തംഗങ്ങളായ ജയകൃഷ്ണൻ ചെറുകുറ്റി, ഷീബ പുൽപ്പാണ്ടി, ജിഷ കാട്ടിൽ, എം.കെ സിനിജ, തുടങ്ങിയവർ സംസാരിച്ചു.

ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.പ്രകാശൻ, ഇ.ബൈജുലാൽ എന്നിവർ നേതൃത്വം നൽകി. മൂടാടി സി.എച്ച്.സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ കെ.വി സത്യൻ വളണ്ടിയർമാർക്ക് ക്ലാസെടുത്തു. സി.എച്ച്.സിയിലെ ഡോ.ടി.കെ നീതു സ്വാഗതവും എൽ.എച്ച്.എസ് പത്മിനി നന്ദിയും പറഞ്ഞു.

ജില്ലയിലെ 23 കേന്ദ്രങ്ങളില്‍ ലിറ്റില്‍ കൈറ്റ്‌സ് ഉപജില്ലാക്യാമ്പുകള്‍

ലിറ്റില്‍ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പുകള്‍ ജില്ലയില്‍ 8 കേന്ദ്രങ്ങളില്‍ ആരംഭിച്ചു. ജനുവരി 31 വരെ മൂന്ന് ഘട്ടങ്ങളായിട്ടാണ് ദ്വിദിന ഉപജില്ലാ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ജില്ലയിലെ 164 സ്‌കൂളുകളില്‍ പ്രവര്‍ത്തിച്ചു വരുന്ന ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളില്‍ 5384 അംഗങ്ങളാണുള്ളത്.

സ്‌കൂള്‍തല ക്യാമ്പില്‍ മികവ് തെളിയിച്ച 1236 കുട്ടികളാണ് ഉപജില്ലാ ക്യാമ്പില്‍ പങ്കെടുക്കുന്നത്. ഓരേ യൂണിറ്റില്‍ നിന്ന് പ്രോഗ്രാമിങ്, ആനിമേഷന്‍ വിഭാഗങ്ങളില്‍ നാലുവീതം കുട്ടികളെയാണ് ഉപജില്ലാ ക്യാമ്പിന് തെരഞ്ഞെടുത്തിരിക്കുന്നത്.

ലഹരി വിരുദ്ധ ആശയം കുട്ടികളിലേക്ക് എത്തിക്കുന്നതിന് സഹായിക്കുന്ന ഗെയിമുകള്‍ തയാറാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷത്തെ ക്യാമ്പിന്റെ പ്രത്യേകത. ലഹരിയുടെ പിടിയില്‍ പെടാതെ കുട്ടിയെ സുരക്ഷിതയായി വീട്ടില്‍ എത്തിക്കുന്ന കമ്പ്യൂട്ടര്‍ ഗെയിം പ്രോഗ്രാമിങ് സോഫ്റ്റ്‌വെയറായ സ്‌ക്രാച്ച് ഉപയോഗിച്ച് പ്രോഗ്രാമിങ് വിഭാഗത്തിലെ കുട്ടികള്‍ തയാറാക്കും. ലഘു കഥകളെ അടിസ്ഥാനമാക്കിയുള്ള ആനിമേഷനുകള്‍ ഓപ്പണ്‍ ടൂണ്‍സ് എന്ന സോഫ്റ്റ്‌വെയറില്‍ ആനിമേഷന്‍ വിഭാഗത്തിലെ കുട്ടികളും തയാറാക്കും. പൂര്‍ണമായും സ്വതന്ത്ര സോഫ്‌റ്റ് വെയർ   ഉപയോഗിച്ചാണ് ക്യാമ്പിലെ പരിശീലനവും പ്രവര്‍ത്തനങ്ങളും നടത്തുന്നത്. ക്യാമ്പിന്റെ രണ്ടാം ദിവസം കൈറ്റ് സിഇഒ കെ അന്‍വര്‍സാദത്ത് ക്യാമ്പംഗങ്ങളുമായി ലിറ്റില്‍ കൈറ്റസ് പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഓണ്‍ലൈനായി ആശയ വിനിമയം നടത്തും.

ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ തയാറാക്കാന്‍ സഹായിക്കുന്ന ഓപ്പണ്‍സോഴ്‌സ് സോഫ്റ്റ് വെയറായ ആപ്പ് ഇന്‍വെന്റര്‍ ഉപയോഗിച്ചുള്ള മൊബൈല്‍ ഗെയിം, നല്ല ആരോഗ്യ ശീലങ്ങള്‍ മാറിമാറി നല്‍കുന്ന ആപ്പ് എന്നിവയുടെ നിര്‍മാണം, ത്രീഡി അനിമേഷന്‍ സോഫ്റ്റ് വെയറായ ബ്ലെന്‍ഡര്‍, റ്റുഡി അനിമേഷന്‍ സോഫ്‌റ്റ് വെയറായ ഓപ്പണ്‍ ടൂണ്‍സ് എന്നിവ ഉപയോഗിച്ചുള്ള അനിമേഷന്‍ നിര്‍മാണം, സൈബര്‍ സുരക്ഷ സംബന്ധിച്ച ചര്‍ച്ചകള്‍, അവതരണങ്ങള്‍ എന്നിവയാണ് ദ്വിദിന ക്യാമ്പിലെ മറ്റ് പ്രധാനപ്പെട്ട പരിശീലന മേഖലകള്‍. ഹൈടെക് സംവിധാനങ്ങള്‍ ക്ലാസ്  മുറികളില്‍ പ്രവര്‍ത്തിപ്പിക്കാനും പരിപാലിക്കാനും ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങളെ സജ്ജമാക്കുന്ന പാഠ്യഭാഗങ്ങളും ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ജില്ലയില്‍ ജി.എച്ച്.എസ്സ്.എസ്സ് കല്ലാച്ചി, കെ.കെ.എം.ജി.വി.എച്ച്.എസ്സ് ഓര്‍ക്കാട്ടേരി, ജി.വി.എച്ച്.എസ്സ്.എസ്സ് മേപ്പയൂര്‍, ജി.ജി.ബി.എച്ച്.എസ്സ് ചാലപ്പുറം, ജി.എച്ച്.എസ്സ്.എസ്സ് നീലേശ്വരം, ജി.എച്ച്.എസ്സ്.എസ്സ് പുതുപ്പാചി, ജി.വി.എച്ച്.എസ്സ്.എസ്സ് ബാലുശ്ശേരി, നൊച്ചാട് എച്ച്.എസ്സ്.എസ്സ്, എം.ജെ.എച്ച്.എസ്സ്.എസ്സ് എളേറ്റില്‍, ജി.എച്ച്.എസ്സ്.എസ്സ് കോക്കല്ലൂര്‍, സേക്രട്ട് ഹാര്‍ട്ട് എച്ച്.എസ്സ്.എസ്സ് തിരുവമ്പാടി, ആര്‍.ഇ.സി.ജി.വി.എച്ച്.എസ്സ്.എസ്സ് ചാത്തമംഗലം, എ.കെ.കെ.ആര്‍ ഗേള്‍സ് എച്ച്.എസ്സ്.എസ്സ് ചേളന്നൂര്‍, ജി.വി.എച്ച്.എസ്സ്.എസ്സ് ഗേള്‍സ് നടക്കാവ്, ബി.ഇ.എം ഗേള്‍സ് എച്ച്.എസ്സ്.എസ്സ് കോഴിക്കോട് എന്നീ കേന്ദ്രങ്ങളിലാണ് ക്യാമ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഉപജില്ലാ ക്യാമ്പിലെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ റവന്യൂ ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കും. ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് റോബോട്ടിക്‌സിലും ബ്ലെന്റര്‍ സോഫ്റ്റ് വെയറിലും പരിശീലനം നല്‍കും.

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ഫെസ്റ്റ്: ആവേശമുയര്‍ത്തി ഫൈബര്‍ തോണി റേസ്

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ഫെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ആവേശമുയര്‍ത്തി ജലസാഹസിക കായിക ഇനമായ ഫൈബര്‍ തോണി റേസ് മത്സരം. മത്സരം കാണാന്‍ നിരവധിയാളുകളാണ് ബേപ്പൂര്‍ മറീനയിലെത്തിയത്. ഫൈനലില്‍ അഞ്ച് ടീമുകള്‍ മാറ്റുരച്ചു.

ഒഴുക്കില്ലാത്ത നിരപ്പായ ജലത്തില്‍ 250 മീറ്ററിലാണ് മത്സരം നടന്നത്. അഗ്നി രക്ഷാസേന, കോസ്റ്റല്‍ പോലീസ്, പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ മത്സരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ നിയന്ത്രിച്ചു.

ആനന്ദ്- ധനുഷ് സഖ്യത്തിന് ഒന്നാം സ്ഥാനവും സതീഷ്-റിച്ചാര്‍ഡ് സഖ്യത്തിന് രണ്ടാം സ്ഥാനവും സതീഷ് കുമാര്‍-മാരുതി സഖ്യത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു.

ബേപ്പൂർ വാട്ടർ ഫെസ്റ്റ്: ശ്രദ്ധേയമായി ഇന്ത്യൻ ആർമിയുടെ പ്രദർശനം

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിവലിൽ ശ്രദ്ധേയമായി ഇന്ത്യൻ ആർമിയുടെ പ്രദർശനം. യൂണിറ്റിലെത്തിയാൽ ആർമിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് മനസിലാക്കാനും പഠിക്കാനും സാധിക്കും. ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് യൂണിറ്റ് സന്ദർശിച്ചു.

ഇവിടെയെത്തിയാൽ ജവാൻമാർ അവതരിപ്പിക്കുന്ന ആയുധ പ്രദർശനം, കളരിപ്പയറ്റ്, ചെണ്ടമേളം, ഫയർ ഡാൻസ് എന്നിവ കാണാം. മേജർ സുബേദാർ, സന്തോഷ്‌ വി.വി എന്നിവരുടെ നേതൃത്വത്തിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.

ഇൻഫെൻട്രി ബറ്റാലിയൻ മദ്രാസ്, ഇന്ത്യൻ ആർമിയുടെ ഭാഗമായ മദ്രാസ് റെജിമെന്റിന്റെ കീഴിലുള്ള ഈ യൂണിറ്റ് വെസ്റ്റ്‌ഹിൽ ബാരക്സിലാണ് സ്ഥിതി ചെയ്യുന്നത്. കേണൽ ഡി നവീൻ ബൻജിറ്റാണ് ബറ്റാലിയന്റെ കമാൻഡിംഗ് ഓഫീസർ. മലബാർ  ടെറിയേഴ്‌സ് എന്ന പേരിലും ഈ യൂണിറ്റ് അറിയപ്പെടുന്നു.

ജെന്‍ഡര്‍ ബോധവല്‍കരണ പരിപാടി സംഘടിപ്പിക്കുന്നു

ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനും വേണ്ടി കേരള സര്‍ക്കാരിന്റെ വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ പാര്‍ക്കിന്റെ നേതൃത്വത്തില്‍ അവന്‍ഡ് ഗ്രേഡ് 2 എന്നപേരില്‍ ജെന്‍ഡര്‍ ബോധവല്‍കരണ പരിപാടി സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ലിംഗപദവിയും നേതൃത്വവും എന്ന വിഷയത്തില്‍ 15 മിനിറ്റ് ദൈര്‍ഘ്യമുളള കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിന് മലപ്പുറം വയനാട്, കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ കോളേജുകളില്‍ നിന്ന് മത്സരാര്‍ത്ഥികളെ ക്ഷണിക്കുന്നു. താല്‍പര്യമുളള കോളേജുകള്‍ക്ക് ജനുവരി രണ്ട് വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9846814689, 90744447658.

ടെണ്ടര്‍ ക്ഷണിച്ചു

മേലടി ഐ സി ഡി എസ് ഓഫീസ് പരിധിയിലെ 130 അങ്കണവാടികളിലേക്കും 2022-23 സാമ്പത്തിക വര്‍ഷത്തെ കണ്ടിജന്‍സി വാങ്ങിക്കുന്നതിനായി ജി എസ് ടി രജിസ്‌ട്രേഷന്‍ ഉള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജനുവരി 16. കൂടുതൽ വിവരങ്ങൾക്ക് : 8281999294.

സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു

കലാകായിക ശാസ്ത്ര രംഗത്ത് സംസ്ഥാന തലത്തിലും സര്‍വ്വകലാശാല തലത്തിലും കഴിവ് തെളിയിച്ച അബ്കാരി ക്ഷേമനിധി അംഗതൊഴിലാളികളുടെ മക്കള്‍ക്കുളള 2021-22 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2768094.

പരിമിതികൾ ഞങ്ങൾക്ക് തടസ്സമല്ല… ഉണർവേകി ഭിന്നശേഷി കലോത്സവം

ചക്കിട്ടപാറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായി ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു.  ബാലവകാശ കമ്മീഷൻ ചെയർമാൻ മനോജ്‌ കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.

എല്ലാവിധ പരിമിതികളെയും മറികടന്ന് തങ്ങളുടെ കഴിവുകള്‍ക്ക് അതിരുകളില്ലെന്ന്  തെളിയിക്കുന്ന പ്രകടനമായിരുന്നു കുട്ടികൾ കാഴ്ചവച്ചത്. പാട്ടായും നൃത്തച്ചുവടുകളായും തങ്ങളുടെ സർഗ വാസനകൾ അവർ കാഴ്ചക്കാർക്ക് മുൻപിലെത്തിച്ചു. ക്രിസ്മസ് കരോൾ, സിനിമാ ഗാനം, ഒപ്പന, നാടോടി നൃത്തം, പ്രച്ഛന്ന വേഷം തുടങ്ങി വൈവിധ്യങ്ങളാർന്ന കലാ പരിപാടികളാണ് കുട്ടികൾ അവതരിപ്പിച്ചത്. ശാരീരിക വെല്ലുവിളികൾ മറികടന്ന് വേദിയിലും ആസ്വാദക ഹൃദയങ്ങളിലും വർണം വിതറിയപ്പോൾ കലോത്സവം വേറിട്ട അനുഭവമായി.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സുനിൽ അധ്യക്ഷത വഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ ചിപ്പി മനോജ്‌, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബിന്ദു വത്സൻ, ഇ എം ശ്രീജിത്ത്‌, പഞ്ചായത്തംഗങ്ങളായ ജിതേഷ്‌ മുതുകാട്‌, വിനിഷ ദിനേശൻ, വിനീത മനോജ്‌, എം എം പ്രദീപൻ, ആലീസ്‌ മാത്യു, കെ.രേഷ്മ എന്നിവർ സംസാരിച്ചു.

കേരള സ്കൂൾ കലോത്സവം: ഗ്രീൻ ബ്രിഗേഡിന് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിക്കുന്നു
അറുപത്തി ഒന്നാമത് കേരള സ്കൂൾ കലോത്സവ വേദികളിൽ ഗ്രീൻ ബ്രിഗേഡുകളായി സേവനമനുഷ്ഠിക്കുന്നവർക്കായി ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  ഓറിയന്റേഷൻ ക്ലാസ്സ്  സംഘടിപ്പിക്കുന്നു. ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് നടക്കുന്ന കേരള സ്കൂൾ കലോത്സവം ഹരിത ചട്ട പ്രകാരം നടത്തുന്നതിന്റെ ഭാ​ഗമായാണ് ഗ്രീൻ ബ്രിഗേഡുകളെ സജ്ജമാക്കുന്നത്. ഡിസംബർ  27 മുതൽ 29 വരെയാണ് ഓറിയന്റേഷൻ ക്ലാസ് നടത്തുക. മൂന്ന് ക്ലസ്റ്ററുകളായി തിരിച്ചാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്.
ഡിസംബർ 27 ന് സെന്റ് ജോസഫ്സ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഡിസംബർ 28 ന് ബി.ഇ.എം ജി.എച്ച്.എസ്.എസ്, 29 ന് ജി.ജി.എച്ച്.എസ്.എസ് നടക്കാവ് എന്നിവിടങ്ങളിലാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. ഓറിയന്റേഷൻ ക്ലാസിന്റെ ഔപചാരിക  ഉദ്ഘാടനം ഡിസംബർ 28 ന് രാവിലെ 10 മണിക്ക്  ബി.ഇ.എം ജി.എച്ച്.എസ്.എസിൽ കലോത്സവത്തിന്റെ സംഘാടക സമിതി ചെയർമാനും ടൂറിസം  പൊതു മരാമത്ത്  വകുപ്പ് മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും.
സംസ്ഥാന സ്കൂൾ കലോത്സവം: എക്സിബിഷൻ സംഘടിപ്പിക്കും
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ എക്സിബിഷൻ സംഘടിപ്പിക്കുന്നു. ജനുവരി 3 മുതൽ 7 വരെ സാമൂതിരി ഗ്രൗണ്ടിലാണ് എക്സിബിഷൻ നടക്കുക.
കല, സാഹിത്യം, ചിത്രകല, കൃഷി, പരിസ്ഥിതി തുടങ്ങിയവക്ക് അനുയോജ്യമായ സ്ഥാപനങ്ങളെയാണ് എക്സിബിഷൻ കമ്മിറ്റി പ്രദർശനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിലെ ചിത്രകലാ അധ്യാപകരുടെയും ഭിന്നശേഷി വിദ്യാർത്ഥികളുടെയും സ്റ്റാളുകൾ പ്രദർശന വേദിയിൽ ഒരുക്കും. പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചായിരിക്കും പ്രദർശനം.
ശുചിത്വ മിഷൻ, ടൂറിസം, റീജിയണൽ സയൻസ് സെന്റർ, അനേർട്ട്, നാറ്റ്പാക്, കേരഫെഡ്, വനം വകുപ്പ്, എസ് എസ് കെ, ഖാദി, ഹരിത കേരളം, സി ജി സി സി, എൻ എസ് എസ്, വിമുക്തി, എം വി ഡി, പി ആർ ഡി, കെ എസ് ഇ ബി, ബാംബു മിഷൻ, മിൽമ, കുടുംബശ്രീ, കേരള കലാമണ്ഡലം, എൻ സി സി, കിഫ്ബി, ചലച്ചിത്ര വികസന കോർപ്പറേഷൻ, സുഗന്ധവിള ഗവേഷണ കേന്ദ്രം തുടങ്ങി വിവിധ സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ പ്രദർശനത്തിന് ഒരുക്കും.
ടൂറിസം വകുപ്പിന്റെ കാരവൻ, ടൂറിസത്തിന്റെ ഭാഗമായ ഫുഡ് സ്റ്റാളുകൾ,  റീജണൽ സയൻസ് സെന്റർ, കിഫ്ബി തുടങ്ങിയവയുടെ പ്രദർശന വാഹനങ്ങളും  ജില്ലകളുടെ വർക്ക്‌ എക്സ്പീരിയൻസിന്റെ സ്റ്റാളുകളും  ഉണ്ടാകും.
എക്സിബിഷൻ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ വിലയിരുന്നതിനായി മാനഞ്ചിറ സംഘടക സമിതി ഓഫീസിൽ യോഗം ചേർന്നു. മുൻ എം എൽ എയും എക്സിബിഷൻ കമ്മിറ്റി ചെയർപേർസണുമായ കെ കെ ലതിക അധ്യക്ഷത വഹിച്ചു. കൺവീനർ ഷിജുകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. വെസ് ചെയർമാൻ ജില്ലാ പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ് മുക്ക്, ജോയിന്റ് കൺവീനർ  ഇസ്മയിൽ, ടി പി റഹീം, എം രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു.