എലത്തൂരില്‍ ഓടുന്ന ട്രെയിനിനുനേരെ കല്ലെറിഞ്ഞ സംഭവം; രണ്ട് യുവാക്കള്‍ പിടിയില്‍


കോഴിക്കോട്: എലത്തൂരില്‍ വെച്ച് ഓടുന്ന ട്രെയിനിനുനേരെ കല്ലെറിഞ്ഞ സംഭവത്തില്‍ യുവാക്കള്‍ പിടിയില്‍. കോഴിക്കോട് പുതിയങ്ങാടി നടുവിലകം വീട്ടില്‍ ടി.കെ. ജനീസ് (24), വെസ്റ്റ്ഹില്‍ അത്താണിക്കല്‍ നാരങ്ങാളിപറമ്പ് റീന നിവാസില്‍ സുദര്‍ശ് (25) എന്നിവരാണ് അറസ്റ്റിലായത്.

നവംബര്‍ 30ന് രാത്രിയായിരുന്നു തിരുവനന്തപുരം-നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനിനു നേരെ കല്ലേറുണ്ടായത്. വെസ്റ്റ്ഹില്‍, എലത്തൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ വെച്ച് യുവാക്കള്‍ ട്രെയിനിനുനേരെ കല്ലെറിയുകയായിരുന്നു.

സംഭവത്തില്‍ കേസെടുത്ത കോഴിക്കോട് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് അന്വേഷണം നടത്തുകയും പ്രതികളെ കണ്ടെത്തുകയുമായിരുന്നു. ആര്‍.പി.എഫ് ഇന്‍സ്പെക്ടര്‍ ഉപേന്ദ്രകുമാറും സംഘവും ചേര്‍ന്നാണ് ഇരുവരെയും പിടികൂടിയത്. കോഴിക്കോട് ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

വെസ്റ്റ്ഹില്‍, എലത്തൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ നേരത്തെയും ട്രെയിനിനുനേരെ കല്ലേറുണ്ടായിരുന്നു. റെയില്‍വേ ട്രാക്കിനു സമീപത്ത് തമ്പടിക്കുന്ന മയക്കുമരുന്ന് സംഘങ്ങളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.