വോട്ടർ പട്ടിക പുതുക്കൽ നടപടി: തെരഞ്ഞെടുപ്പ് നിരീക്ഷകൻ ജില്ലയിൽ; ഇന്നും നാളെയും ക്യാമ്പുകൾ


കോഴിക്കോട്: വോട്ടർ പട്ടിക പുതുക്കൽ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും അവലോകനം ചെയ്യുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷകന്റെ കോഴിക്കോട് ജില്ലാ സന്ദർശനം ഇന്ന് നടക്കും.

സന്ദർശനത്തിന്റെ ഭാഗമായി ജനപ്രതിനിധികളുമായും തെരഞ്ഞെടുപ്പ് വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും അംഗീകൃത രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനും പേര്, മേൽവിലാസം തുടങ്ങിയവയിലെ തെറ്റുകൾ തിരുത്തുന്നതിനും പോളിംഗ് സ്റ്റേഷൻ / നിയമസഭാ മണ്ഡലത്തിൽ നിന്നും മറ്റൊരു പോളിംഗ് സ്റ്റേഷൻ/ നിയമസഭാ മണ്ഡലത്തിലേക്ക് സ്ഥാനമാറ്റം നടത്തുന്നതിനും ഡിസംബർ എട്ടുവരെ അവസരം ഉണ്ടാകുമെന്ന് ഡെപ്യൂട്ടി കലക്ടർ (തെരഞ്ഞെടുപ്പ് ) അറിയിച്ചു.

ഈ സേവനം ലഭിക്കുന്നതിനായി ജനസേവകേന്ദ്രങ്ങൾ, അക്ഷയ കേന്ദ്രങ്ങൾ എന്നിവ ഉപയോഗപ്പെടുത്താം. കൂടാതെ വോട്ടർ ഹെല്പ് ലൈൻ ആപ്പ് ഡൗൺലോഡ് ചെയ്തും www.nvsp.in എന്ന വെബ്സൈറ്റ് വഴിയും തിരുത്താവുന്നതാണ്.

തെറ്റുകൾ തിരുത്തുന്നതിനും പോളിംഗ് സ്റ്റേഷൻ / നിയമസഭാ മണ്ഡലം മാറ്റുന്നതിനും ഡിസംബർ 3,4 തീയതികളിൽ ജില്ലയിലെ പോളിംഗ് സ്റ്റേഷനുകളിൽ കേന്ദ്രീകരിച്ച് പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും.
വോട്ടർ പട്ടിക പുതുക്കൽ നടപടികളുമായി രാഷ്ട്രീയപാർട്ടികൾ സഹകരിക്കണമെന്ന് കലക്ടർ അറിയിച്ചു.