കുടുംബശ്രീ യോഗം കഴിഞ്ഞ് മടങ്ങവെ ഭര്‍ത്താവ് ഉടനെ മരിക്കുമെന്ന് പ്രവചിച്ച് ഭയപ്പെടുത്തി; പൂജകള്‍ക്കെന്നു പറഞ്ഞ് കൊച്ചി സ്വദേശിനി 2.35ലക്ഷം രൂപയും അഞ്ചേമുക്കാല്‍ പവന്‍ സ്വര്‍ണവും തട്ടിയതായി യുവതിയുടെ പരാതി



കൊച്ചി: ദൈവികശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ച് പള്ളുരുത്തി സ്വദേശിയില്‍നിന്ന് അയല്‍വാസിയായ സ്ത്രീ 2.35 ലക്ഷം രൂപയും അഞ്ചേമുക്കാല്‍ പവന്‍ സ്വര്‍ണാഭരണവും തട്ടിയതായി പരാതി. ഒരേ കുടുംബശ്രീ അംഗങ്ങളായ ഇവര്‍ രണ്ടുവര്‍ഷം മുമ്പ് ഒരു കുടുംബശ്രീ യോഗം കഴിഞ്ഞ് മടങ്ങവെയായിരുന്നു തട്ടിപ്പുകളുടെ തുടക്കമെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

രണ്ടുവര്‍ഷംമുമ്പ് കുടുംബശ്രീ യോഗത്തിനുശേഷം വീട്ടിലേക്ക് മടങ്ങവെ പരാതിക്കാരിയോട് 45കാരിയായ യുവതി ഭര്‍ത്താവ് ഉടനെ മരിക്കുമെന്നും ദൈവികസിദ്ധിയുള്ള താന്‍ പൂജചെയ്ത് ദോഷംതീര്‍ക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധികളും മാറുമെന്നും മകളുടെ ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകുമെന്നും വിശ്വസിപ്പിച്ചു.

അകന്നു കഴിയുകയാണെങ്കിലും ഭര്‍ത്താവ് മരിക്കുമെന്ന് കേട്ടതിന്റെ ഞെട്ടലില്‍ പരാതിക്കാരി പൂജയ്ക്ക് സമ്മതിച്ചു. പൂജ നടത്തുന്നതിനും മറ്റുമായി പലതവണയായി പണവും ആഭരണവും നല്‍കി. അകന്നു കഴിഞ്ഞിരുന്നതിനാല്‍ ഭര്‍ത്താവ് ഇതൊന്നും അറിഞ്ഞിരുന്നില്ല.

2020 ജനുവരിമുതല്‍ അടുത്തനാള്‍വരെ തട്ടിപ്പിന് ഇരയാക്കിയെന്നും പണവും ആഭരണവും തിരികെ ചോദിച്ചിട്ട് നല്‍കിയില്ലെന്നുമാണ് വീട്ടമ്മയുടെ പരാതി. അയല്‍വാസിയായ 45കാരിയെ ചോദ്യംചെയ്തെങ്കിലും പണവും ആഭരണവും വാങ്ങിയിട്ടില്ലെന്നാണ് ഇവരുടെ മൊഴി.

ക്രൈസ്തവ വിശ്വാസിയായ പരാതിക്കാരി ഭാര്‍ത്താവിന്റെയും മകളുടെയുമുള്‍പ്പെടെ ആഭരണങ്ങളാണ് പൂജയ്ക്കായി നല്‍കിയത്. പൂജയ്ക്കുള്ള പണത്തിനായി ലോണുമെടുത്തു. പൂജകള്‍ നടത്തുന്നുണ്ടെന്ന് പറയുന്നതല്ലാതെ പരാതിക്കാരി ഇതൊന്നും കണ്ടിട്ടില്ല. ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ തീരാതെ വരികയും സാമ്പത്തിക ബുദ്ധിമുട്ട് ഏറെയതോടെ ആഭരണവും പണവും തിരിച്ച് ആവശ്യപ്പെട്ടപ്പോള്‍ അയല്‍വാസി കൈയൊഴിയുകയായിരുന്നു.

കൊച്ചി സിറ്റി പൊലീസിന് മുന്നിലെത്തിയ പരാതിയില്‍ വഞ്ചനാക്കേസ് രജിസ്റ്റര്‍ചെയ്ത് പൊലീസ് അന്വേഷണം തുടങ്ങി.അയല്‍വാസിയെ വിശദമായി ചോദ്യംചെയ്യേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു. മറ്റുപലരെയും സമാനമായി ഇവര്‍ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടോ, കൈമാറിയെന്ന് പരാതിക്കാരി പറയുന്ന സ്വര്‍ണം എന്ത് ചെയ്തു തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.