ഈ അരി വേവിക്കാന്‍ അടുപ്പും വേണ്ട, തീയും വേണ്ട; കീഴരിയൂരിൽ അഗോനിബോറ നെല്ല് വിളയിച്ച് കർഷകർ
കീഴരിയൂർ: ഈ അരി വേവിക്കാന്‍ അടുപ്പും വേണ്ട, തീയും വേണ്ട. അഗോനിബോറ എന്ന നെല്ലിന്റെ അരിയും അല്‍പ്പം പച്ചവെള്ളവും ഒരു പാത്രവുണ്ടെങ്കില്‍ മിനിറ്റുകള്‍ക്കകം നല്ല തുമ്പപ്പൂച്ചോറ് വിളമ്പാം. മാജിക്കല്ല, കീഴരിയൂരിലെ 25 സെന്റ് സ്ഥലത്താണ് അഗോനിബോറ വിജയകരമായി കൃഷി ചെയ്തത്.
ശ്രീകാർഷിക സംഘത്തിൻ്റെ നേതൃത്വത്തിലാണ് പരീക്ഷണാർത്ഥം അഗോനിബോറ നെൽകൃഷി ചെയ്തത്. കൊയിലാണ്ടി സി.ഐ സുനിൽ കുമാർ, കാർഷിക അവാർഡ് ജേതാവ് സുരേഷ് കുമാർ, കെ.ടി രാഘവൻ, തയ്യിൽ സലാം, ശശി കല്ലട, മാധവി, ടി.പി നാരായണൻ, കൃഷിശ്രീ ഭാരവാഹികളായ രാജഗോപാൽ, പ്രമോദ് രാരോത്ത്, ഹരീഷ് പ്രഭാത്, ഷിജു മാസ്റ്റർ തുടങ്ങിയവർ കൃഷിക്ക് നേതൃത്വം നൽകി.
അസമിലെ ഗ്രാമ പ്രദേശങ്ങളിലാണ് അഗോനിബോറ കൃഷി ചെയ്യുന്നത്. മഡ് റൈസ്, ബോറ സോൾ തുടങ്ങി വിവിധ പേരുകളിലും ഇനങ്ങളിലും ഇത്തരം നെല്ലിനങ്ങൾ നിലവിലുണ്ട്. ഗ്രാമീണരുടെ പ്രധാനപ്പെട്ട പ്രഭാത ഭക്ഷണം കൂടിയാണിത്. പരമ്പരാഗത അസമീസ് വിശേഷദിവസങ്ങളിൽ ക്രീം, തൈര്, പഞ്ചസാര, പാൽ എന്നിവയോടൊപ്പം വേവിച്ച അഗോനിബോറയും വീടുകളിൽ വിളമ്പുന്ന പതിവുണ്ട്. 2018ൽ ഭൗമസൂചികാ പദവി ലഭിച്ച ‘മാജിക്കൽ റൈസ്’ മികച്ച പോഷക ഗുണമുള്ളതാണ്. ഉയരം കുറഞ്ഞ അഗോനി ബോറ നെൽച്ചെടികൾക്കു വൈക്കോലും കുറവാണ്.
ഒഡീഷയിലെ കട്ടക് സെൻട്രൽ റൈസ് ഇൻസ്റ്റിറ്റ്യൂട്ടിൽ (ഐസിഎആർ) വികസിപ്പിച്ചെടുത്ത ഇനമാണ് അഗോനിബോറ. അസമിലെ പരമ്പരാഗത നെല്ല് ഇനത്തെ പരിപോഷിപ്പിച്ച് രൂപപ്പെടുത്തിയതാണിത്. ഇത്തരം വിവിധ ഇനം നെല്ലിനങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിലവിലുണ്ട്.
ആവശ്യമുള്ള സമയത്ത് പച്ചവെള്ളത്തിലോ ചൂടുവെള്ളത്തിലോ അരി ഇട്ട് അടച്ചുവച്ചാല്‍ ചോറായി മാറും. പച്ച വെള്ളത്തില്‍ മുപ്പത്-നാല്പത് മിനിറ്റുകൊണ്ടും ചൂട് വെള്ളത്തില്‍ പത്ത് മിനിറ്റുകൊണ്ടും അരി ചോറാകും. അമിലിയേസ് എന്ന വസ്തുവിന്റെ അഭാവമാണ് പാകം ചെയ്യാതെ തന്നെ ചോറ് ആകുന്നതിന് സഹായകമാവുന്നത്.
Summary: Farmers growing Agonibora paddy in Keezhariyur