മുചുകുന്ന് വലിയമലയില്‍ ഇന്നലെ ഉദ്ഘാടനം ചെയ്ത ദാറുസ്സലാം കോംപ്ലക്‌സിലെ ശിലാഫലകം സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു; പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തതിന്റെ വിരോധമെന്ന് സൂചന


കൊയിലാണ്ടി: മുചുകുന്ന് വലിയമലയിലെ ദാറുസ്സലാം കോംപ്ലക്‌സില്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത കെട്ടിടത്തിലെ ശിലാഫലകം സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്ത ദാറുസ്സലാം എഡ്യു വില്ലേജിലെ കെട്ടിടത്തിലുണ്ടായിരുന്ന ശിലാഫലകമാണ് സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തത്.

ശനിയാഴ്ച രാവിലെ 10 മണിക്കാണ് എഡ്യു വില്ലേജ് ഉദ്ഘാടനം നടന്നത്. മൂന്ന് ബ്ലോക്കുകളാണ് ഇവിടെ ഉള്ളത്. മെയിന്‍ എഡ്യു ബ്ലോക്ക് ഉദ്ഘാടനം ചെയ്തത് മാണിയൂര്‍ അഹമ്മദ് മുസ്ല്യാര്‍ ആണ്. നന്തി ദാറുസ്സലാം അറബിക് കോളേജ് പ്രിന്‍സിപ്പാള്‍ മൂസക്കുട്ടി അഷ്‌റഫ് ആണ് രണ്ടാമത്തെ ബ്ലോക്ക് ഉദ്ഘാടനം ചെയ്തത്.

മൂന്നാമത്തെ ബ്ലോക്കായ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കാണ് മൂടാടി ഗ്രാമപഞ്ചാത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തത്. ഈ ബ്ലോക്കിലെ ശിലാഫലകമാണ് സാമൂഹ്യവിരുദ്ധര്‍ ആയുധങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തത്. കെട്ടിടം പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തത് ഇഷ്ടപ്പെടാത്തവരാണ് ശിലാഫലകം തകര്‍ത്തത് എന്നാണ് വിവരം. പഞ്ചായത്ത് പ്രസിഡന്റിന്റെ പേര് ഉള്‍പ്പെടുത്തിയ ശിലാഫലകം പരസ്യമായാണ് സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തത്. ഭാരവാഹികള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.