പാലക്കാട് മകനെ കഴുത്തറുത്ത് കൊന്ന ശേഷം അച്ഛൻ തൂങ്ങിമരിച്ചു


പാലക്കാട്: മകനെ കഴുത്തറുത്ത് കൊന്ന ശേഷം അച്ഛൻ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് നെന്മാറയിലാണ് സംഭവം. വിത്തനശേരിയിൽ ബാലകൃഷ്ണൻ (65), മകൻ കണ്ണൻ കുട്ടി (39) എന്നിവരെയാണ് മരണപെട്ടതായി കണ്ടെത്തിയത്. ഇന്ന് രാവിലെ പ്രദേശവാസികളാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്.

അവിവാഹിതനും കടുത്ത പ്രമേഹരോഗിയായുമായ മകനെ കുറെ നാളുകളായി ബാലകൃഷ്ണനാണ് പരിചരിച്ചിരുന്നത്. വീട്ടിൽ ഇവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മകന്റെ രോഗാവസ്ഥ മൂർച്ചിച്ചതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം.

ബാലകൃഷ്ണന്റെ ഭാര്യ വർഷങ്ങൾക്ക് മുൻപ് മരിച്ചിരുന്നു. ഇളയ മകന്‍ സതീഷ് കുമാർ കോയമ്പത്തൂരിൽ റെയിൽവേ ജോലിക്കാരനാണ്. മകൾ ശ്രുതി വിവാഹിതയുമാണ്. വിവരമറിഞ്ഞതിനെത്തുടർന്നു പോലീസ് സംഭവ സ്ഥലത്തെത്തുകയും ഇൻക്വസ്റ്റ് നപടികൾ നടത്തുകയും ചെയ്തു.