അത്തോളിയിൽ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; കുട്ടിക്കരികിൽ വാഹനം നിർത്തിയത് വഴി ചോദിക്കാനെന്ന വ്യാജേനെ; സംഘമെത്തിയത് നീല ഒമ്‌നി വാനിൽ


അത്തോളി: അത്തോളിയിൽ ഹൈസ്കൂൾ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി. ഗവ.ഹൈസ്കൂൾ വിദ്യാർത്ഥിയായ ഒമ്പതാം ക്ലാസുകാരനെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നത്. ഒമ്‌നി വനിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.

പന്ത്രണ്ടാം തീയതി രാവിലെ ഏഴു മണിയോടെ ട്യൂഷന് പോകാനിറങ്ങിയതായിരുന്നു വിദ്യാർത്ഥി. ഈ സമയം വാഹനത്തിലെത്തിയ സംഘം വഴി ചോദിക്കാനായി നിർത്തുകയായിരുന്നു. വിശദമായി പറഞ്ഞു തരാമോ എന്ന് വീണ്ടും ചോദിക്കുകയും മറ്റൊരാൾ വാഹനത്തിലകത്തേക്ക് കയറ്റാൻ ശ്രമിക്കുകയുമായിരുന്നു എന്ന് വിദ്യാർത്ഥി പറഞ്ഞതായി അത്തോളി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. നീല ഒമ്നി വാനിലെത്തിയ മൂന്നംഗ സംഘമാണ് ശ്രമം നടത്തിയത്. അപകടം മനസിലാക്കിയ കുട്ടി കുതറിയോടുകയായിരുന്നു.

കുട്ടിയുടെ മൊഴി എടുത്തുവെന്നും അത്തോളി പോലീസ് കൂട്ടിച്ചേർത്തു. അത്തോളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ് കുമാറിന്റെ മകനാണ് വിദ്യാർത്ഥി.