നാടിനെ നടുക്കിയ നരബലിക്കു പിന്നാലെ പത്തനംതിട്ടയിൽ കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം; കുട്ടി ബോധംകെട്ടു, മന്ത്രവാദിനിയെ പിടികൂടി


പത്തനംതിട്ട: നരബലിയ്ക്ക് പിന്നാലെ പത്തനംതിട്ട ജില്ലയിൽ കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം. മലയാലപ്പുഴയിലെ വാസന്തി മഠത്തിലാണ് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മന്ത്ര വാദം നടത്തിയത്. മന്ത്രവാദം നടത്തിയിരുന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാസന്തി അമ്മ മഠത്തിലെ ശോഭനയെയാണ് (52) കസ്റ്റഡിയിലെടുത്തത്.

മന്ത്ര വാദത്തിനിടെ കുട്ടി ബോധരഹിതനായി വീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. എട്ടു വർഷമായി ഇവിടെ പൂജയും ബാധയൊഴിപ്പിക്കലും ചെയ്യുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. പ്രതിഷേധവുമായി നാട്ടുകാർ ചെന്നാൽ വിവസ്ത്രയായി നിന്ന് ഉപദ്രവിച്ചുവെന്ന് പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തും. പൂജ ചെയ്യുന്നതിനിടയിൽ ബാധ ഒഴിപ്പിക്കൽ എന്ന പേരിൽ ചീത്ത വിളിക്കാറുണ്ടെന്നും പറയുന്നു.


പരാതി ലഭിച്ചിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുയർന്നിരുന്നു. തുടർന്ന് നാട്ടുകാരും യുവജന സംഘടനകളും ഇന്നു രാവിലെ വീട് ഉപരോധിച്ചു. ഇതിനെത്തുടർന്നാണ് നടപടി. നാട്ടുകാരെ ഭീഷണിപ്പെടുത്താൻ ഇവർ ഗുണ്ടകളെ ഉപയോഗിച്ചിരുന്നു.