‘വ്യവസായിയില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങി, ഷാജ് കിരണുമായും പോപ്പുലര്‍ ഫ്രണ്ടുമായും ബന്ധം’, പരാതികള്‍ നിരവധി; സന്ദീപ് വാര്യരെ ബി.ജെ.പി വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കി
കോട്ടയം: ചാനല്‍ ചര്‍ച്ചകളിലെ സാന്നിധ്യവുമായിരുന്ന സന്ദീപ് ജി. വാര്യരെ ബി.ജെ.പി വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കി. ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. സംഘടനാപരമായ നടപടിയാണ് ഇതെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് പറയേണ്ട കാര്യമില്ലെന്നും പറഞ്ഞ സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി.
നിരവധി പരാതികളും ആരോപണങ്ങളുമാണ് സന്ദീപ് വാര്യര്‍ക്കെതിരെ ഉയര്‍ന്നത് എന്നും അതിനാലാണ് നടപടിയെന്നുമാണ് ലഭിക്കുന്ന വിവരം. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ഷാജ് കിരണുമായി സന്ദീപിന് ബന്ധമുണ്ട് എന്ന് നേരത്തേ വാര്‍ത്ത വന്നിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പുറത്ത് വന്നിരുന്നു.
തൃശൂരിലെ വ്യവസായിയില്‍ നിന്ന് ഇരുപത് ലക്ഷം രൂപ സന്ദീപ് ആവശ്യപ്പെട്ടുവെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ അഞ്ച് ലക്ഷം രൂപ വാങ്ങിയെന്നും ആരോപണമുണ്ട്. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട ഒരു സംഘടനയുടെ പരിപാടിയില്‍ വിദേശത്ത് വച്ച് പങ്കെടുത്തുവെന്ന ആരോപണവും സന്ദീപിനെതിരെ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
സന്ദീപ് വാര്യര്‍ക്കെതിരെ ഉയര്‍ന്ന പരാതികളും ആരോപണങ്ങളും അന്വേഷിക്കാനായി പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനാണ് പരാതി അന്വേഷിച്ചത്.
അതേസമയം നടപടിക്ക് പിന്നാലെ ബി.ജെ.പി നേതൃത്വത്തിനെതിരെ പരോക്ഷമായ പരിഹാസവുമായി സന്ദീപ് വാര്യര്‍ രംഗത്തെത്തി. പട്ടാമ്പി കൊപ്പത്തെ രായിരനെല്ലൂര്‍ മലയുടെ താഴ്വാരത്ത് മൊബൈല്‍ ഫോണുകള്‍ക്ക് റെയിഞ്ച് ഇല്ലാത്തതിനാല്‍ താന്‍ ഇടപെട്ടാണ് 80 ലക്ഷം രൂപ ചെലവില്‍ ജിയോയുടെ ടവര്‍ സ്ഥാപിച്ചതെന്ന് സന്ദീപ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടു. ‘വേണേല്‍ അടുത്ത വാര്‍ത്തയ്ക്ക് സ്‌കോപ്പുണ്ട്. സന്ദീപ് വാര്യര്‍ക്ക് മുകേഷ് അംബാനിയുമായി ബന്ധം. 80 ലക്ഷത്തിന്റെ അനധികൃത ടവര്‍ കൊണ്ട് വന്നു…’ എന്നായിരുന്നു സന്ദീപ് വാര്യരുടെ പരിഹാസം.