ചേട്ടാ, ഒരു ലിഫ്റ്റ് തരാമോ?, ഇനി ചോദിക്കുന്നതിനു മുൻപ് ഒന്ന് ശ്രദ്ധിക്കണേ; അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കാം എന്ന മുന്നറിയിപ്പുമായി കേരള മോട്ടോർ വെഹിക്കൾ ഡിപ്പാർട്ട്മെന്റ്
കോഴിക്കോട്: ബസ് നിർത്താതെ പോകുമ്പോഴും, ബസ്സുകൾ കുറവുള്ള റൂട്ട് ആണെങ്കിലും, താമസിച്ചു പോയാലും ഒടുവിൽ നമുക്ക് ഒരേ ഒരു വഴിയേയുള്ളു… ചേട്ടാ, ഒരു ലിഫ്റ്റ്. ഇന്നേ വരെ കണ്ടിട്ടില്ലാത്ത ആളാണെങ്കിലും വേറെ വഴിയില്ലാതെ നമ്മൾ ചാടിക്കയറും. കുട്ടികളെന്നോ പ്രായമെന്നോ ഒരു വ്യത്യാസവുമില്ലാതെ നമ്മൾ ചെയ്യുന്ന കാര്യമാണ് ഈ ലിഫ്റ്റ് ചോദിക്കൽ. എന്നാൽ അപരിചതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കാൻ പറയുകയാണ് കേരള മോട്ടോർ വെഹിക്കൾ ഡിപ്പാർട്ടമെന്റ്.
അതേസമയം ബസ് സ്റ്റോപ്പുകളില്‍ വിദ്യാര്‍ഥികളെ കയറ്റാന്‍ ബസ് ജീവനക്കാര്‍ തയ്യാറാവാത്തതാണ് മറ്റ് വാഹനങ്ങള്‍ക്ക് കൈകാട്ടേണ്ടി വരേണ്ടതെന്നാണ് കുട്ടികൾ പറയുന്നു. മേപ്പയ്യൂര്‍ പേരാമ്പ്ര മേഖലകളില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങള്‍ ഈയടുത്ത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരുന്നല്ലോ. കുട്ടികളോടുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. പല സ്ഥലത്തും അവര്‍ എത്രത്തോളം സുരക്ഷിതരാണെന്ന ചിന്ത നമ്മളില്‍ ഭയം ഉണര്‍ത്തുന്നുണ്ട്. കുട്ടികളെ സുരക്ഷിതമായി കൃത്യ സ്ഥലങ്ങളിൽ എത്തിക്കുന്നവരെ വിസ്മരിക്കുന്നില്ല എങ്കിലും എത്രയൊക്കെ സൂക്ഷിച്ചാലും അപകടം വരുന്ന വഴി പലപ്പോഴും മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. അത് കൊണ്ട് തന്നെ അൽപ്പം കരുതൽ എടുക്കാം.
ശ്രദ്ധിക്കുക,
വിദ്യാർത്ഥികൾ സ്കൂളിൽ പോകുന്ന സമയത്തും തിരികെ വീട്ടിൽ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്.പക്ഷേ, ഇത് ചിലപ്പോൾ ഒരു അപകടത്തിലേക്ക് നയിക്കാം.
വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പാശ്ചാതലം എന്നിവ അറിയാത്ത സാഹചര്യത്തിൽ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തിൽ കലാശിക്കാനുള്ള സാധ്യത ഏറെയാണ്.
അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർ, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവർ, മദ്യപിച്ച് വാഹനം ഓടിക്കുന്നവർ , മയക്കു മരുന്ന് ഉപയോഗിക്കുന്നവർ / കടത്തുന്നവർ, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവർ, കുട്ടികളോട് മോശമായി പെരുമാറുന്നവർ, മറ്റു ക്രിമിനൽ പശ്ചാതലം ഉള്ളവർ, എന്നിങ്ങനെ ലിഫ്റ്റ് ചോദിച്ച് പോകുമ്പോൾ നിങ്ങൾ നേരിടേണ്ടി വന്നേക്കാവുന്ന വിപത്തുകൾ അനവധിയാണ്.
അതിനാൽ കഴിവതും അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക.
അപരിചതരായ വ്യക്തികൾ അവരുടെ വാഹനത്തിൽ ലിഫ്റ്റ് തന്നാലും,നിങ്ങളോട് കയറാൻ നിർബന്ധിച്ചാലും അത്തരം അവസരങ്ങൾ ഒഴിവാക്കുക.
സ്കൂൾ ബസുകൾ, പൊതു ഗതാഗത സംവിധാനങ്ങൾ എന്നിവ പരമാവധി ഉപയോഗിക്കുക.
നടന്നു പോകാവുന്ന ദൂരം, റോഡിൻ്റെ വലതു വശം ചേർന്ന്, കരുതലോടെ നടക്കുക. നടത്തം ആരോഗ്യത്തിനും നല്ലതാണ്.
സ്കൂൾ യാത്രകൾക്ക് മാത്രമല്ല, എല്ലാ യാത്രകൾക്കും ഇത് ബാധകമാണ്.
യാത്രകൾ അപകട രഹിതമാക്കാൻ നമുക്ക് ശ്രദ്ധയോടും കരുതലോടും കൂടി മുന്നോട്ട് പോകാം.
#mvdkerala