സൂക്ഷ്മപരിശോധനയും ജാഗ്രതയും കരുത്തായി; കൊയിലാണ്ടിയിലെ കവര്‍ച്ച നാടകം പൊലീസ് ചുരുങ്ങിയ സമയത്തിനുള്ളില്‍ പൊളിച്ചതിങ്ങനെ


കൊയിലാണ്ടി: എ.ടി.എമ്മില്‍ നിറക്കാന്‍ കൊണ്ടുപോയ പണം കവര്‍ന്നശേഷം കെട്ടിയിട്ട് കാറില്‍ ഉപേക്ഷിച്ചെന്ന പരാതി വ്യാജമാണെന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ തെളിയിക്കാന്‍ പൊലീസിന് തുണയായത് തുടക്കത്തിലേ കേസന്വേഷണത്തില്‍ പാലിച്ച സൂക്ഷ്മത. കാട്ടിലപ്പീടികയില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ യുവാവിനെ കെട്ടിയിട്ട നിലയില്‍ കണ്ടുവെന്ന് നാട്ടുകാരില്‍ നിന്ന് വിവരം ലഭിച്ചയുടന്‍ തന്നെ പൊലീസ് സംഭവസ്ഥലത്തെത്തി.

വാഹനവും യുവാവിനെയും സൂക്ഷ്മമായി പരിശോധിക്കാനും വിശദാംശങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും ഇത് സഹായകമായി. യുവാവിനെ ആദ്യഘട്ടത്തില്‍ കണ്ട ആളുകളില്‍ നിന്നെല്ലാം പൊലീസ് വിശദമായി മൊഴിയെടുത്തിരുന്നു. യുവാവിന്റെ മൊഴിയും സ്ഥലത്തുണ്ടായിരുന്നവരുടെ മൊഴിയുമെല്ലാം സൂക്ഷ്മമായി പരിശോധിച്ചതില്‍ നിന്നാണ് ഇത് നാടകമാകാമെന്ന സംശയം ഉയര്‍ന്നത്. യുവാവിന്റെ മൊഴികളും സംഭവം നടന്ന സാഹചര്യവുമെല്ലാം തമ്മിലുള്ള വൈരുദ്ധ്യങ്ങളും പൊലീസ് ശ്രദ്ധിച്ചു. പരാതിക്കാരനായ സുഹൈലിന്റെ ശരീരത്തില്‍ മുളക് പൊടി വിതറിയ നിലയിലായിരുന്നു. എന്നാല്‍ കണ്ണിലും മുഖത്തും മുളകുപൊടിയുണ്ടായിരുന്നില്ല. കാറിന്റെ പിന്‍ഭാഗത്തെ ക്ലാസ് താഴ്ത്തിയ നിലയിലാണുണ്ടായിരുന്നത്. അക്രമികള്‍ തലയ്ക്ക് അടിച്ച് ബോധം കെടുത്തിയെന്നാണ് സുഹൈല്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ വൈദ്യ പരിശോധനയില്‍ തലയ്ക്ക് അടിയേറ്റതായി കണ്ടെത്താനായിരുന്നില്ല.

25ലക്ഷം നഷ്ടമായെന്ന് സുഹൈല്‍ പറയുമ്പോള്‍, 75 ലക്ഷം പോയെന്നായിരുന്നു ഏജന്‍സി വ്യക്തമാക്കിയത്. ഈ വൈര്യുദ്ധ്യങ്ങളെല്ലാം ചേര്‍ന്ന അന്വേഷമാണ് കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. തെൡവുകളെല്ലാം സൂക്ഷ്മമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ ഏറെക്കാലമെടുത്ത് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ പദ്ധതിയാണിതെന്ന് വ്യക്തമായത്. ഡി.വൈ.എസ്.പി.ആർ.ഹരിപ്രസാദ്, സി.ഐ.ശ്രീലാൽ ചന്ദ്ര ശേഖർ, എസ്.ഐ. ജിതേഷ്, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. സ്പെഷൽസ്വകാഡ്, എസ്.ഐ.മനോജ് രാമത്ത്, എ.എസ്.ഐ.വി .സി .ബിനീഷ്, വി.വി.ഷാജി, എസ്.സി.പി.ഒ.മാരായ പി.കെ. ശോഭിത്ത്, ഇ.കെ.അഖിലേഷ്,, കൊയിലാണ്ടി സ്റ്റേഷനിലെ എ.എസ്.ഐ.ഗിരീഷ്, ബിജു വാണിയംകുളം, സനീഷ് എന്നിവർ അന്വേഷണത്തില്‍‌ പങ്കാളികളായി.

Summary: koyilandy robbery case police investigation