ദിവസവും അല്പം സമയം ചെലവഴിക്കാന്‍ തയ്യാറായാല്‍ ആര്‍ക്കും നല്ല കൃഷിക്കാരനാകാം; മരച്ചീനി, പച്ചക്കറി, മഞ്ഞള്‍, ഇഞ്ചി ചെണ്ടുമല്ലി തുടങ്ങി നിരവധി, കൃഷി ജീവിതത്തിന്റെ ഭാഗമാക്കി തിരുവങ്ങൂരിലെ അശോക് കോട്ടും ഇ.വി രാമചന്ദ്രനും


എ. സജീവ് കുമാര്‍ 

കൊയിലാണ്ടി: ദിവസവും അല്പം സമയം ചെലവഴിക്കാന്‍ തയ്യാറായാല്‍ ആര്‍ക്കും നല്ല കൃഷിക്കാരനാകാമെന്ന് കാണിക്കുകയാണ് തിരുവങ്ങൂരിലെ പൊതുപ്രവര്‍ത്തകരായ അശോകന്‍ കോട്ടും ഇ.വി രാമചന്ദ്രനും. വര്‍ഷങ്ങളായി കാര്‍ഷിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ഇവര്‍ കോവിഡ് കാലം മുതലാണ് കൂട്ടായി കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ചേമഞ്ചേരി പഞ്ചായത്തിന്റെ സഹായത്തോടെ കൃഷിയിറക്കി ഓണക്കാലത്ത് വിളവെടുക്കുകയും നവരാത്രി കാലത്ത് വീണ്ടും വിളവെടുക്കാന്‍ തയ്യാറാകുകയും ചെയ്ത ഇവരുടെ ചെണ്ടുമല്ലി കൃഷി ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.


1000 തൈകളായിരുന്നു ഏതാണ്ട് 40 സെന്റ് സ്ഥലത്ത് വച്ചുപിടിപ്പിച്ചത്. തൊഴിലുറപ്പു തൊഴിലാളികളായിരുന്നു നിലമൊരുക്കിയത്. കൃഷി ഭവനാണ് തൈകള്‍ സൗജന്യമായി നല്‍കിയത്. ഓണക്കാലത്ത് വലിയവിളവാണ് പൂക്കൃഷിയില്‍ നിന്ന് കിട്ടിയത്. നല്ല വെയിലും ചെറിയൊരു ശ്രദ്ധയുമുണ്ടെങ്കില്‍ പൂക്കൃഷിയില്‍ ആര്‍ക്കും വിജയിക്കാന്‍ കഴിയുമെന്നാണ് ഇവര്‍ പറയുന്നത്. തിരുവങ്ങൂരില്‍ ദേശീയപാതക്കടുത്ത് രാരോത്ത് തറവാട്ടുവളപ്പിലാണ് ഇവര്‍ വര്‍ഷങ്ങളായി കൃഷിയിറക്കുന്നത്.


എല്ലാ സീസണിലും സീസണ്‍നോക്കി പച്ചക്കറിയടക്കം കൃഷി ചെയ്യുന്ന ഇവര്‍ പൂക്കൃഷി ആദ്യമായാണ് ചെയ്തത്. വെണ്ട, പയര്‍, വഴുതിന തുടങ്ങി എക്കാലവും വിളയുന്നവ ഇവിടെ സ്ഥിരമായുണ്ട്. ഈ പുരയിടത്തില്‍ 30 സെന്റ് സ്ഥലത്ത് ആരംഭിച്ച മരച്ചീനിയുടെ വിളവെടുപ്പ് അടുത്ത മാസം നടക്കും.15 സെന്റ് സ്ഥലത്ത് മഞ്ഞളും ഇഞ്ചിയും ഇവര്‍ക്കുണ്ട്. ചേമ്പ് ഇവിടെ സ്ഥിരമായി കൃഷി ചെയ്യാറുണ്ട്. മരച്ചീനി അടുത്ത മാസം വിളവെടുക്കും.

ആദ്യമായി കൃഷി ചെയ്ത കൂര്‍ക്കില്‍ വിളവെടുപ്പിന് തയ്യാറായി നില്‍ക്കുന്നു. എല്ലാ ദിവസവും കാലത്ത് ഒരു മണിക്കുര്‍ സമയം മാത്രമാണ് ഇവര്‍ കൃഷിക്കായി ചെലവിടുന്നത്. നല്ല വെയിലും വെള്ളവും ലഭിക്കുന്ന പറമ്പുകള്‍ പല ഉടമസ്ഥരും കൃഷി നടത്താനായി തരാന്‍ തയ്യാറാണെന്നത് തങ്ങള്‍ക്ക് ബോധ്യമായ കാര്യമാണെന്ന് ഇവര്‍ പറയുന്നു. പച്ചക്കറിയും വാഴയുമൊഴിച്ചുള്ള കൃഷികള്‍ക്കൊന്നും ദിനംപ്രതിയുള്ള ഇടപെടല്‍ പോലും വേണ്ടെന്നാണ് ചേമഞ്ചേരി പഞ്ചായത്തിന്റെ മുന്‍ പ്രസിഡണ്ടു കൂടിയായ അശോകന്‍ കോട്ടും പ്രദേശത്തെ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയായ ഇ.വി രാമചന്ദ്രനും പറയുന്നത്.