വടക്കഞ്ചേരിയിൽ കെ.എസ്.ആർ.ടി.സി ബസ്സിന് പിറകിൽ ടൂറിസ്റ്റ് ബസ്സ് ഇടിച്ച് വൻ അപകടം; ഒൻപത് മരണം; 12 പേരുടെ നില ഗുരുതരം


പാലക്കാട്: ദേശീയപാത വടക്കഞ്ചേരിയിൽ വൻ വാഹനാപകടം. കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒൻപതു പേർ മരിച്ചു. നാൽപ്പതോളം പേർക്ക് പരിക്കേറ്റു, ഇതിൽ പന്ത്രണ്ട് പേരുടെ നില ഗുരുതരമാണ്. വാളയാര്‍ വടക്കഞ്ചേരി മേഖലയിലെ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്.

ഇന്നലെ രാത്രി 12 മണിയോടയാണ് സംഭവം. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കര – കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസ്സിലേക്ക് ടൂറിസ്റ്റ് ബസ് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്.

അമിത വേഗതയല്ലേ എന്ന ചോദ്യത്തിന് പരിചയ സമ്പന്നനായ ഡ്രൈവർ ആണ് എന്നായിരുന്നു മറുപടിയെന്ന് വിദ്യാർത്ഥികൾ, അവർ ഓവർ സ്പീഡായിരുന്നു, ഓടികൂടിയവരാരും ടൂറിസ്റ്റ് ബസ് കണ്ടില്ല എന്ന് കെ.എസ്.ആർ.ടി.സി ഡ്രൈവർ; വടക്കഞ്ചേരിയിൽ ഒൻപത് പേരുടെ മരണത്തിനു ഇടയാക്കിയ വാഹനാപകടത്തിൽ നിരവധി പേർ ഗുരുതര നിലയിൽ തുടരുന്നു

41 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമടക്കം വിനോദയാത്രാ സംഘം സഞ്ചരിച്ച ബസിലുണ്ടായിരുന്നത് 48 പേരാണ് മരിച്ചവരിൽ അഞ്ച് പേർ വിദ്യാർത്ഥികളും, 3 പേർ കെഎസ്ആര്‍ടിസി യാത്രക്കാരും, ഒരാൾ അധ്യാപകനുമാണ്. കൊട്ടാരക്കര – കോയമ്പത്തൂർ കെഎസ്ആർടിസി ബസിൽ 49 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ നാല്‍പ്പതിലേറെ പേർക്ക് പരിക്കുണ്ട്. മൃതദേഹങ്ങളും പരിക്കേറ്റവരേയും സമീപത്തെ സ്വകാര്യ-സർക്കാർ ആശുപത്രികളിലേക്ക് മാറ്റി.

ഇന്നലെ വൈകിട്ട് ആറു മണിയോടെ ഊട്ടിയിലേക്ക് തിരിച്ചതായിരുന്നു വിനോദയാത്ര സംഘം. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസിലെ വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. കെഎസ്ആര്‍ടിസി ബസിലിടിച്ച ടൂറിസ്റ്റ് ബസ് ചതുപ്പിലേക്ക് മറിയുകയായിരുന്നു.

വിദ്യാനികേതൻ സ്കൂളിലെ കായിക അധ്യാപകൻ മുളന്തുരുത്തി ഇഞ്ചിമല വട്ടത്തറ വീട്ടിൽ വി.കെ. വിഷ്ണു(33) പ്ലസ് ടു വിദ്യാർഥികളായ ഉദയം പേരൂർ വലിയകുളം അഞ്ജനം വീട്ടിൽ അഞ്ജന അജിത്(17), ആരക്കുന്നം കാഞ്ഞിരിക്കപ്പിള്ളി ചിറ്റേത്ത് വീട്ടിൽ സന്തോഷിന്റെ മകൻ സി.എസ്. ഇമ്മാനുവൽ(17), പത്താംക്ലാസ് വിദ്യാർഥികളായ മുളന്തുരുത്തി പൈങ്ങാരപ്പിള്ളി രശ്മിനിലയത്തിൽ രാജേഷ് ഡി. നായരുടെ മകൾ ദിയ രാജേഷ്(15), തിരുവാണിയൂർ ചെമ്മനാട് വെമ്പ്ലിമറ്റത്തിൽ ജോസ് ജോസഫിന്റെ മകൾ എൽന ജോസ്(15) കെഎസ്ആർടിസി യാത്രക്കാരായ തൃശൂർ നടത്തറ കൊഴുക്കുള്ളി ഗോകുലം രോഹിത് രാജ് (24), കൊല്ലം വള്ളിയോട് വൈദ്യൻകുന്ന് ശാന്തിമന്ദിരം ഒ.അനൂപ് (22) എന്നിവരാണ് മരിച്ചത്.

ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നു ദൃക്സാക്ഷികൾ.മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെ എസ് ആർ ടി ബസിന് പുറകിലേക്ക് പാഞ്ഞ് കയറുകയായിരുന്നു എന്ന് അവർ പറഞ്ഞു.