കൊയിലാണ്ടി സ്വദേശി ഉള്‍പ്പെട്ട ഐ.എസ് തീവ്രവാദ കേസ്; കൊടുവള്ളി സ്വദേശിക്ക് 23 വര്‍ഷം കഠിന തടവ്, ഫാജിദ്,മന്‍സൂര്‍ തുടങ്ങിയവരുടെ വിചാരണ പിന്നീട്
കോഴിക്കോട്: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്സില്‍ (ഐ.എസ്) പ്രവര്‍ത്തിച്ച കേസിലെ പ്രതിക്ക് 23 വര്‍ഷം കഠിനതടവ്. കൊടുവള്ളി സ്വദേശി അബൂ മറിയം എന്ന ഷൈബു നിഹാറിനെയാണ് കഠിന തടവിന് വിധിച്ചത്. ഇതേ കേസിലുള്ള കൊയിലാണ്ടി വടകര സ്വദേശികളുടെ കേസ് പിന്നീട് പരിഗണിക്കും.
ഗൂഢാലോചന, ഇന്ത്യയുമായി സൗഹൃദത്തിലുള്ള ഏഷ്യന്‍ രാജ്യങ്ങളുമായി യുദ്ധം ചെയ്യുക, ഭീകരസംഘടനയില്‍ അംഗമാവുക, ഭീകരസംഘടനക്ക് പിന്തുണയും സഹായങ്ങളും നല്‍കുക, ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് ശേഖരിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ശിക്ഷിച്ചത്. ശിക്ഷ വിധിക്ക് ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റി.
ഷൈബു ബഹ്റൈനില്‍ ജോലി ചെയ്തിരുന്ന കാലത്ത് ഐ.എസിന്റെ പരിശീലന ക്ലാസുകളില്‍ പങ്കെടുത്തെന്നും സിറിയയിലേക്ക് കടക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു എന്‍.ഐ.എയുടെ ആരോപണം. എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതിയാണ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 23 വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ഒരുമിച്ച് അഞ്ച് വര്‍ഷം മാത്രം ശിക്ഷ അനുഭവിച്ചാൽ മതിയാകും.
2019 ൽ ഇയാൾ പിടിയിലായ കാലം മുതൽ വിചാരണ തടവുകാരനായി കഴിയുകയാണ്. ഈ കാലയളവ് കിഴിച്ച് ബാക്കി കാലം മാത്രം ജയില്‍ ശിക്ഷ അനുഭവിച്ചാല്‍ മതിയെന്നാണ് പ്രത്യേക കോടതി ജഡ്ജി അനില്‍ കെ. ഭാസ്കറുടെ നിര്‍ദേശം. ഇതനുസരിച്ച് ഒന്നര വര്‍ഷം കൂടി മാത്രം ഇനി ജയിലില്‍ കിടന്നാല്‍ മതിയാവും.
ബഹ്റൈനില്‍ പരസ്യക്കമ്ബനി നടത്തിയിരുന്ന കാലത്താണത്രെ ഐ.എസ് ക്ലാസില്‍ പങ്കെടുത്തത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന 12 പേരില്‍ എട്ടുപേര്‍ പിന്നീട് സിറിയയിലേക്ക് കടന്നെന്നായിരുന്നു ആരോപണം. പിടിക്കപ്പെടുമെന്നായപ്പോള്‍ ഖത്തറിലേക്ക് കടന്നു. ഐ.എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ശേഖരിച്ച ഇയാള്‍ സിറിയയിലേക്ക് കടന്നവര്‍ക്ക് തുക കൈമാറിയതായും കുറ്റപത്രത്തിൽ പറയുന്നു. മടങ്ങിയെത്തിയ പ്രതി കരിപ്പൂരില്‍ വിമാനമിറങ്ങവെയാണ് പിടിക്കപ്പെട്ടത്.
കേസിലെ മറ്റ് പ്രതികളായ കൊയിലാണ്ടി സ്വദേശി ഫാജിദ്, വടകര സ്വദേശി മന്‍സൂര്‍, മലപ്പുറം കൊണ്ടോട്ടി സ്വദേശി മന്‍സൂര്‍, വാണിയമ്ബലം സ്വദേശി മുഹദിസ്, കണ്ണൂര്‍ സ്വദേശി ഷഹനാദ്, എറണാകുളം പെരുമ്ബാവൂര്‍ സ്വദേശി സഫീര്‍ എന്നിവര്‍ക്കെതിരായ വിചാരണ നടപടികള്‍ പിന്നീട് നടക്കും.