ചങ്ങരോത്ത് കൂനിയോട്ട് വയലില്‍ സ്‌ഫോടനശബ്ദം കേട്ടെന്ന പരാതി; ഡോഗ്‌സ്‌ക്വാഡും ബോംബ് സ്‌ക്വാഡും തിരിച്ചില്‍ നടത്തിയെങ്കിലും തുമ്പൊന്നും കിട്ടിയില്ല


പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ കൂനിയോട് വയലില്‍ രാത്രിയില്‍ സ്‌ഫോടനശബ്ദം കേട്ടുവെന്ന പരാതിയെത്തുടര്‍ന്ന് പേരാമ്പ്ര പൊലീസ് പ്രദേശത്ത് പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയിട്ടും സ്‌ഫോടനത്തിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായിട്ടില്ല.

ഞായറാഴ്ച രാത്രി എട്ടുമണിയോടെ കക്കോട്ടുതാഴ വയല്‍പ്രദേശത്ത് വലിയ സ്‌ഫോടനശബ്ദം കേട്ടതായാണ് പ്രദേശവാസികള്‍ പറയുന്നത്. ഈ സമയത്ത് റോഡിലുണ്ടായിരുന്ന ചിലര്‍ അകലെനിന്ന് തീ കത്തുന്നത് കണ്ടതായും പറയുന്നു.

വയലിനടുത്ത് വീടില്ലാത്ത പറമ്പാണുള്ളത്. മധ്യഭാഗത്തുകൂടി കടന്നുപോകുന്ന റോഡിന് സമീപം ലഹരി ഉപയോഗിക്കുന്നവരുടെ കേന്ദ്രമാണെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് വൈകുന്നേരം കൂനിയോട്ട് ലഹരിക്കെതിരെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. പഞ്ചായത്തംഗം ഇ.ടി.സരീഷാണ് യോഗം വിളിച്ചത്.

സ്‌ഫോടന സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് കൂനിയോട് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.

summary: complaint of hearing explosion in changaroth kuniot field the dogsquad and the bomb squad returned but found no trace