‘മാന്യതയ്ക്ക് നിരക്കാത്ത ഒന്നും ചെയ്തിട്ടില്ല, ഇനി ചെയ്യുകയുമില്ല’ ; സൈബര്‍ ആക്രമണത്തിന് ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഷാഫി പറമ്പില്‍


പേരാമ്പ്ര: വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ സോഷ്യല്‍ മീഡിയകളിലൂടെ ആക്രമിക്കാന്‍ താന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. നിയമവിരുദ്ധമായി വല്ലതും നടന്നെങ്കില്‍ നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഷാഫി പറഞ്ഞു.

22 വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ മാന്യതയ്ക്ക് നിരക്കാത്ത ഒന്നും ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല. ഇല്ലാക്കഥ പറഞ്ഞ് വിജയിക്കണമെന്ന് ആഗ്രഹമില്ല. ഉള്ളതുതന്നെ ഒരുപാട് പറയാനുണ്ടെന്നും ഷാഫി പറഞ്ഞു.

”വ്യാജ ആരോപണങ്ങളാണ് എല്‍.ഡി.എഫ് ഉന്നയിക്കുന്നത്. അത് മാധ്യമങ്ങള്‍ വഴിയും സാമൂഹിക മാധ്യമങ്ങള്‍ വഴിയും പ്രചരിപ്പിക്കുന്നു. എന്റെ പേജില്‍നിന്ന് എതിര്‍ സ്ഥാനാര്‍ഥിക്കെതിരെ ഞാന്‍ പോസ്റ്റിട്ടു എന്നാണ് പറയുന്നത്. എന്റെ പേജ് ആര്‍ക്കും കേറി പരിശോധിക്കാം. ആക്ഷേപകരമായ ഒരു വാക്ക് എങ്കിലും ഇവര്‍ കണ്ടെത്തി തരട്ടെ.” ഷാഫി പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ കൈപിടിച്ചാണ് രാഷ്ട്രീയം പഠിച്ചത്. ഒരുതരത്തിലുള്ള വ്യാജ പ്രചരണങ്ങളിലും വടകര മണ്ഡലത്തിലെ ജനങ്ങള്‍ വീഴില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിക്കുകയായിരുന്നു ഷാഫി.

രമ്യ ഹരിദാസിനെതിരെ സൈബര്‍ ആക്രമണം ഉണ്ടാവുന്നുണ്ട്. എന്തേ ഒരു ഭാഗത്ത് മാത്രം നടപടിയെന്നും ഷാഫി ചോദിക്കുന്നു. സൈബര്‍ ആക്രമണം നടത്തിയത് കൊണ്ട് എനിക്കെന്താണ് ഗുണം. തനിക്കൊരു നേട്ടവുമില്ല. ഇതിലും ശക്തമായ തിരഞ്ഞെടുപ്പിനെ താന്‍ നേരിട്ടിട്ടുണ്ട്. അന്ന് അങ്ങനെ ചെയ്തിട്ടില്ല. തന്റെ മനസറിവില്ലാത്ത കാര്യത്തില്‍ തന്നെ ക്വാട്ട് ചെയ്ത് എല്‍ഡിഎഫ് പത്രസമ്മേളനങ്ങള്‍ നടത്തുന്നതിനെതിരെ താനും നിയമനടപടി സ്വീകരിക്കുമെന്നും ഷാഫി വ്യക്തമാക്കി.