അയല്‍ക്കാരന്റെ ബൈക്കില്‍ കൂട്ടുകാരനൊപ്പം കറങ്ങുന്നതിനിടെ പിടിവീണു; ന്യൂ മാഹിയില്‍ പതിനാറുകാരന് 34000 രൂപ പിഴയിട്ട് പൊലീസ്
ന്യൂമാഹി: ബൈക്കില്‍ കറങ്ങിയ പതിനാറുകാരന് 34000 രൂപ പിഴയിട്ട് പൊലീസ്. ന്യൂമാഹിയിലാണ് സംഭവം. അയല്‍ക്കാരന്റെ ബൈക്കെടുത്ത് കൂട്ടകാരനെയുംകൊണ്ട് കറങ്ങുന്നതിനിടെയാണ് ന്യൂ മാഹി പൊലീസ് കുട്ടിയെ പിടികൂടുകയും ബൈക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.
പ്രായപൂര്‍ത്തിയാവാത്ത നിരവധി കുട്ടികള്‍ ബൈക്കില്‍ കറങ്ങുന്നതായി വ്യാപക പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് ന്യൂ മാഹി പൊലീസ് പരിശോധനക്കിറങ്ങിയത്. നിയമം പൂര്‍ണമായി ലംഘിച്ച് വളരെ അപകടകരമായാണ് കുട്ടികള്‍ ബൈക്കുകളില്‍ കറങ്ങുന്നതെന്ന് പൊലീസ് പറഞ്ഞു.
പാറാല്‍ ചെമ്പ്ര റോഡില്‍നിന്നാണ് ന്യൂ മാഹി പ്രിന്‍സിപ്പല്‍ എസ്.ഐ മഹേഷ് കണ്ടമ്പത്തും പാര്‍ട്ടിയും പതിനാറുകാരനെ പിടികൂടിയത്. മാക്കൂട്ടം പുന്നോലിലെ ഹസീനാസില്‍ മുഹമ്മദ് റിയാസിന്റെ ബൈക്കിലാണ് പതിനാറുകാരന്‍ കറങ്ങിയത്. രണ്ട് വര്‍ഷമായി ബൈക്കിന്റെ ഇന്‍ഷുറന്‍സ് പുതുക്കിയിരുന്നില്ല. ബൈക്കിന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റുമുണ്ടായിരുന്നില്ല.
കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ്, അയല്‍ക്കാരനായ കൂട്ടുകാരന്റെ പിതാവിന്റേതാണ് ബൈക്കെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ബൈക്ക് കസ്റ്റഡിയിലെടുത്ത പൊലീസ് ആര്‍.സി ഉടമയായ മുഹമ്മദ് റിയാസിന് കുട്ടിക്ക് ബൈക്ക് വിട്ടുനല്‍കിയതിന് 25,000 രൂപ പിഴയിട്ടു.
2020 മുതല്‍ ബൈക്കിന്റെ ഇന്‍ഷുറന്‍സ് പുതുക്കാത്തതിനും പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്ലാത്തതിനും 4,000 രൂപ വേറെയും പിഴ ചമത്തി. ലൈസന്‍സില്ലാതെ പൊതുറോഡിലൂടെ വാഹനമോടിച്ച വിദ്യാര്‍ഥിക്ക് 5,000 രൂപ പിഴയിട്ടു. പിഴസംഖ്യ കോടതിയില്‍ കെട്ടണം.