കൊയിലാണ്ടിയിൽ വാഹനത്തിൽ കറങ്ങി നടന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റു; രണ്ട് പേർ അറസ്റ്റിൽ, പിടികൂടിയത് 1500 പാക്കറ്റ് ഹാൻസ്
കൊയിലാണ്ടി: വാഹനങ്ങളിൽ കറങ്ങി നിരോധിത പുകയില വിറ്റു, കൊയിലാണ്ടിയിൽ രണ്ടു പേർ അറസ്റ്റിൽ. കുറുവങ്ങാട് ഐ.ടി.ഐ ക്ക് സമീപത്തു വെച്ചാണ് ഇവർ പിടിയിലായത്. നരിക്കുനി സ്വദേശി മോസിനും തിരുവനന്തപുരം സ്വദേശി രാജേന്ദ്രനും ആണ് പിടിയിലായത്.
ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സ്‌ക്വാഡും കൊയിലാണ്ടി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. 1500 ഓളം ഹാൻഡ് പാക്കറ്റുകളാണ് പ്രതികളുടെ കയ്യിൽ നിന്ന് പിടികൂടിയത് എന്ന് പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
കൊയിലാണ്ടി മേഖലകളിൽ വ്യാപകമായി വിൽപ്പന നടത്തുന്നതിനിടയിൽ കുറുവങ്ങാട് ഐ.ടി.ഐ ക്ക് സമീപം വെച്ച് വാഹനം പരിശോധന നടത്തുകയായിരുന്നു. ഉള്ള്യരി ഭാഗത്ത് നിന്ന് വരുകയായിരുന്നു ഈ കാർ. കാറിൽ പിൻസീറ്റിൽ രണ്ട് ചാക്കുകളിലായി ആയിരുന്നു സാധനം സൂക്ഷിച്ചിരുന്നത്. വിപണിയിൽ ഒരു ലക്ഷത്തോളം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.
ഡാൻസഫിനൊപ്പം കൊയിലാണ്ടി സി.ഐ.എൻ.സുനിൽകുമാറിൻ്റെയും, എസ്.ഐ.അരവിന്ദൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തിയത്.