‘കൂത്തുപറമ്പ് പോരാട്ടത്തിൻ്റെ ഓർമ്മകൾ അഴിമതിക്കും വർഗീയതയ്ക്കും എതിരായ പോരാട്ടത്തിന് കരുത്ത് പകരുന്നു’; പുളിയഞ്ചേരിയിൽ ഡി.വൈ.എഫ്.ഐയുടെ യുവജന റാലി
പുളിയഞ്ചേരി: കോലീബി സംഖ്യം കേരളത്തിൽ ആവർത്തിക്കുന്നു എന്നതിന് ഉദാഹരണമാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയമെന്ന് ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ആര്‍.രാഹുല്‍ ആലപ്പുഴ. കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പുളിയഞ്ചേരിയില്‍ സംഘടിപ്പിച്ച യുവജനറാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർ.എസ്.എസിനെയും എസ്.ഡി.പി.ഐയേയും ഒരുപോലെ എതിർക്കപ്പെടേണ്ടതാണെന്നും യുഡിഎഫ് വിജയത്തിൽ എസ്.ഡി.പി.ഐ ആഹ്ലാദപ്രകടനം നടത്തിയത് അപകടകരമായ സൂചനയാണെന്നും രാഹുൽ പറഞ്ഞു. കുത്തുപറമ്പ് പോരാട്ടത്തിൻ്റെ ജ്വലിക്കുന്ന ഓർമ്മകൾ അഴിമതിക്കും സ്വജനപക്ഷപാദിത്തത്തിനും വർഗീയതയ്ക്കും എതിരായ പോരാട്ടത്തിന് കൂടുതൽ കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം ചിറക്ക് സമീപത്ത് നിന്നും ആരംഭിച്ച പ്രകടനം പുളിയഞ്ചേരിയിൽ സമാപിച്ചു. രക്തസാക്ഷി സ്തൂപത്തിൽ ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം ആര്‍.രാഹുല്‍, ബി.പി ബബീഷ്, എൻ.ബിജീഷ് എന്നിവർ പുഷ്പ ചക്രം സമർപ്പിച്ചു.
പരിപാടിയിൽ കെ.ടി സിജേഷ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പ്രസിഡണ്ട് കെ.കെ സതീഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി.പി ബബീഷ്, ബ്ലോക്ക് സെക്രട്ടറി എൻ.ബിജീഷ്, പി.വി അനുഷ, സി.ബിജോയ് എന്നിവർ സംസാരിച്ചു.
Description: Youth rally of DYFI at Puliancherry