കണക്കും കരവിരുതും കൗതുകവുമായി ഇന്ന് കുരുന്നുകൾ ഒത്തുകൂടും; പയ്യോളിയിൽ ഉപജില്ലാ ശാസ്ത്രമേളയ്ക്ക് ആരംഭം; വിശദ വിവരങ്ങളറിയാം
പയ്യോളി: പയ്യോളിക്ക് ഇനി രണ്ട നാൾ അറിവിന്റെയും ആഘോഷത്തിന്റെയും നാളുകളാണ്. കോവിഡ് മൂലം നിർത്തി വച്ച മേളകൾ മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണു വീണ്ടും അരങ്ങൊരുങ്ങുന്നത്. 2500 ലധികം വിദ്യാർത്ഥികൾ ഓരോ ദിവസവും മേളയിൽ പങ്കെടുക്കും.
മേലടി ഉപജില്ലാ ശാസ്ത്ര സാമൂഹ്യ, ശാസ്ത്ര, പ്രവൃത്തി പരിചയ, ഗണിത, ഐടി മേളകൾ ഒക്റ്റോബർ 12,13 തീയതികളിൽ തിക്കോടിയൻ സ്മാരക ജിവിഎച്ച്എസ്എസ് പയ്യോളി, തൃക്കോട്ടൂർ എയുപി സ്കൂൾ എന്നീ വിദ്യാലയങ്ങളിലായി ആണ് മേള നടക്കുന്നത്.
മേളയുടെ ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് നിർവഹിക്കും. ചടങ്ങിൽ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അധ്യക്ഷത വഹിക്കും. കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ വി.പിദുൽഖിഫിൽ മുഖ്യാതിഥിയായിരിക്കും.
ജനപ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. വിപുലമായ സ്വാഗതസംഘം രണ്ട് വിദ്യാലയങ്ങളിലായി നടക്കുന്ന മേളയുടെ വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ചുവരുന്നു. വിപുലമായ ഭക്ഷണശാല, വിശാലമായ പന്തൽ എന്നിവ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.