നെതര്‍ലന്‍ഡില്‍ നിന്നും തപാല്‍ വഴി മൂന്നുലക്ഷത്തിന്റെ എല്‍.എസ്.ഡി സ്റ്റാമ്പ് ഓര്‍ഡര്‍ ചെയ്ത് വരുത്തിച്ചു; കൂത്തുപറമ്പ് സ്വദേശിയായ യുവാവ് അറസ്റ്റില്‍


കണ്ണൂര്‍: നെതര്‍ലന്‍ഡില്‍ നിന്നും ഓണ്‍ലൈന്‍ വഴി കൂത്തുപറമ്പിലേക്ക് മയക്കുമരുന്നിന് ഓര്‍ഡര്‍ ചെയ്ത യുവാവ് അറസ്റ്റില്‍. നെതര്‍ലന്‍ഡിലെ റോട്ടര്‍ഡാമില്‍ നിന്നും ലഹരിമരുന്നായ 70 എല്‍എസ്ഡി സ്റ്റാംപുകളാണ് കൂത്തുപറമ്പിലെത്തിച്ചത്. പാറാല്‍ സ്വദേശി കെ.പി. ശ്രീരാഗ് ആണ് അറസ്റ്റിലായത്.

പിടിച്ചെടുത്ത 1,607 മില്ലിഗ്രാം തൂക്കം വരുന്ന എല്‍എസ്ഡി സ്റ്റാംപുകള്‍ക്ക് മൂന്ന് ലക്ഷത്തോളം രൂപ വിലവരും. കൂത്തുപറമ്പ് പോസ്റ്റ് ഓഫിസില്‍ എത്തിചേര്‍ന്ന പാഴ്‌സല്‍ പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. പാഴ്സലിലെ വിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീരാഗ് പിടിയിലായത്.

കഴിഞ്ഞ മെയ് ഒന്നിന് ഡാര്‍ക്ക് വെബ് വഴിയാണ് സ്റ്റാമ്പുകള്‍ ഓര്‍ഡര്‍ ചെയ്തതെന്ന് പ്രതി സമ്മതിച്ചു. ഡാര്‍ക് വെബ്‌സൈറ്റില്‍ പ്രത്യേക അക്കൗണ്ട് ഉണ്ടാക്കി ബിറ്റ്‌കോയിന്‍ കൈമാറ്റം വഴിയാണ് മയക്കുമരുന്ന് വാങ്ങിയത്. തപാല്‍ ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് സംഘം എത്തി പായ്ക്കറ്റ് പരിശോധിക്കുകയായിരുന്നു.

കഞ്ചാവ് കൈവശം വച്ചതിന് മുന്‍പും ശ്രീരാഗിനെതിരെ എക്‌സൈസ് കേസെടുത്തിട്ടുണ്ട്. നേരത്തെയും സമാനമായ രീതിയില്‍ പാഴ്സലില്‍ വന്ന ലഹരിമരുന്ന് പിടികൂടിയ സംഭവങ്ങളുണ്ടായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എക്സൈസ് സംഘം അറിയിച്ചു.