പേരാമ്പ്രയില്‍ ഭീതിവിതച്ച കാട്ടുപന്നി ആറുകിലോമീറ്ററോളം ഓടി, വഴിയില്‍ കണ്ടവരെയെല്ലാം ആക്രമിച്ചു; പ്രദേശത്തുകാര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്


പേരാമ്പ്ര: പേരാമ്പ്രയില്‍ ഭീതിവിതച്ച കാട്ടുപന്നി ആറുകിലോമീറ്റര്‍ ഓടി കണ്ണില്‍ കണ്ടവരെയെല്ലാം ആക്രമിച്ചു. വീട്ട് മുറ്റത്ത് നിന്നവരും പറമ്പില്‍ നിന്നവരുമൊക്കെയാണ് പന്നിയുടെ ആക്രമണത്തിന് ഇരയായത്. കാട്ടുപന്നി ഇത്രയധികം ആളുകളെ ആക്രമിക്കുന്നത് ആദ്യ സംഭവമാണ്. വടക്കന്‍ കല്ലോട് ഭാഗത്തേക്കാണ് പന്നി പോയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഈ മേഖലകളില്‍ നേരത്തെയും കാട്ടുപന്നികളെ കണ്ടിരുന്നു. എന്നാല്‍ അക്രമിച്ച സംഭവങ്ങളുണ്ടായിരുന്നില്ല.

ഏഴുപേര്‍ക്കാണ് പന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. കല്ലോട്, എരവട്ടൂര്‍, പേരാമ്പ്ര ഹൈസ്‌കൂള്‍ പരിസരം എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് ആക്രമണം നേരിടേണ്ടിവന്നത്. എരവട്ടൂര്‍ ചാലില്‍ സന്ധ്യയെന്ന നാല്‍പ്പതുകാരിക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ക്ക് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പേരാമ്പ്ര ഹൈസ്‌കൂളിന് സമീപത്തെ സുനില്‍ കുമാറിനെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സുനില്‍കുമാറഇന്റെ കാലിനും കൈക്കുമാണ് കുത്തേറ്റത്.

എരവട്ടൂര്‍ സ്വദേശി മുള്ളന്‍ കുന്നുമ്മല്‍ സുരേന്ദ്രന് കാലിനാണ് കുത്തേറ്റത്. അയല്‍വാസിയായ മുള്ളന്‍ കുന്നുമ്മല്‍ ഹസ്സന് കാലിനും കൈക്കും പരിക്കുണ്ട്. കല്ലോട് സ്വദേശി ചേനിയ കുന്നുമ്മള്‍ ശ്രീജിത്തിന്റെ പുറത്താണ് കുത്തേറ്റത്. കല്ലോട് തന്നെയുള്ള കൂമുള്ളതില്‍ മീത്തല്‍ വിപിനിന് കാലിന് കുത്തേറ്റു. ഹൈസ്‌കൂളിന് സമീപമുള്ള കല്ലില്‍ സതീശന് കാലിനാണ് കുത്തേറ്റത്.

ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു പന്നി പേരാമ്പ്ര മേഖലയില്‍ ഭീതി പടര്‍ത്തി ഓടിയത്.