ഒറ്റവെട്ടില്‍ കഴുത്ത് മുറിഞ്ഞ് വേര്‍പെട്ടു, വയറിനേറ്റ വെട്ടില്‍ കുടല്‍ പുറത്തെത്തി, കൊലയ്ക്ക് ശേഷം രാജീവൻ തൂങ്ങിമരിച്ചു; കായക്കൊടിയിലെ അയല്‍വാസികളുടെ മരണത്തില്‍ വഴിത്തിരിവ്, കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തി


കുറ്റ്യാടി: കായക്കൊടിയില്‍ അയല്‍വാസികളായ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഹോട്ടല്‍ തൊഴിലാളിയായ വണ്ണാന്‍പറമ്പത്ത് ബാബു, അയല്‍വാസിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ രാജീവ് എന്നിവരെയാണ് വ്യാഴാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാബു കൊല്ലപ്പെട്ട നിലയിലും രാജീവ് തൂങ്ങി മരിച്ച നിലയിലുമായിരുന്നു.

ബാബുവിനെ കൊലപ്പെടുത്തിയ ശേഷം രാജീവ് തൂങ്ങി മരിക്കുകയായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

തൊട്ടില്‍പാലം പൊലീസാണ് കേസ് അന്വേഷിക്കുന്നത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് കൊലപാതകം നടന്നത് എന്നാണ് പൊലീസിന്റെ അനുമാനം. ഇരുവരുടെയും മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചാണ് പോസ്റ്റുമോര്‍ട്ടം ചെയ്തത്.

വീടിന്റെ കിടപ്പ് മുറിയിലായിരുന്നു ബാബുവിന്റെ മൃതദേഹം. കഴുത്ത് മുറിച്ച നിലയിലുണ്ടായിരുന്ന മൃതദേഹം ബാബുവിന്റെ ഭാര്യയാണ് ആദ്യം കാണുന്നത്. ഭാര്യയുടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയും തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.

ബാബുവിന്റെ കഴുത്ത് മുറിഞ്ഞ് വേര്‍പെട്ട നിലയിലായിരുന്നു. കൂടാതെ വയറിലും ഇടത് ചുമലിലും മാരകമായി വെട്ടേറ്റിരുന്നു. വയറില്‍ വെട്ടേറ്റതിനെ തുടര്‍ന്ന് കുടല്‍ പുറത്ത് വന്ന നിലയിലായിരുന്നു. സമീപത്ത് രക്തം തളം കെട്ടി കിടക്കുന്നുണ്ടായിരുന്നു.

ബാബുവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി മാറ്റുന്നതിനിടെ അടുത്ത വീടിന്റെ പിന്‍ഭാഗത്ത് നിന്ന് നാട്ടുകാരില്‍ ഒരാള്‍ നിലവിളിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും നാട്ടുകാരും ഓടിയെത്തിയപ്പോഴാണ് വിറക് പുരയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ രാജീവിനെ കണ്ടെത്തിയത്.