കൊയിലാണ്ടിയിലെ തിരക്കിലൂടെ പോകാന്‍ പേടിയുണ്ട്, മകളുടെ പഠനം മുടങ്ങേണ്ടെന്ന് കരുതിയാണ്; ശാരിരിക പരിമിതിയ്ക്കിടയിലും മകളെ സൈക്കിളില്‍ സ്‌കൂളിലെത്തിച്ച, വൈറല്‍ വീഡിയോയിലെ അച്ഛന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു


കൊയിലാണ്ടി: കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഒരു കാഴ്ചയുണ്ട് ഒറ്റ കയ്യാല്‍ മകളെ സൈക്കിളിന് പിറകില്‍ ഇരുത്തി പോകുന്ന ഒരു അച്ഛന്‍. കൊയിലാണ്ടി മര്‍ക്കുറി ബീച്ച് റോഡില്‍ അബ്ദുള്‍ റഷീദാണ് അത്. കൊയിലാണ്ടി ഇന്ത്യന്‍ പബ്ലിക് സകൂള്‍ യു.കെ.ജി വിദ്യാര്‍ത്ഥിയായ കദീജ ഹനാനെ സ്‌കൂളിലേക്ക് എത്തിക്കുന്ന കാഴ്ചായാണ് വൈറലായി മാറിയത്.

എന്നും ചേച്ചിയുടെ കൂടെയായിരുന്നു ഹനാന്‍ സ്‌കൂളില്‍ പോയിരുന്നത് എന്നാല്‍ ഒരാഴ്ചയായി ചേച്ചി സുഖമില്ലാതെ കിടപ്പിലായതോടെ ഈ ജോലി റഷീദ് ഏറ്റെടുക്കുകയായിരുന്നു. കൊയിലാണ്ടിയിലെ തിരക്കിനിടയിലൂടെ സൈക്കിള്‍ ഓടിച്ചു പോവാന്‍ പേടിയുണ്ടെങ്കിലും മകളുടെ വിദ്യാഭ്യാസം മുടങ്ങി പോവാതിരിക്കാനാണ് ഇത് സന്തോഷത്തോടെ ഏറ്റെടുത്തതെന്ന് അബ്ദുള്‍ റഷീദ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു കല്യാണ വീട്ടിലേക്ക് ഐസ് എടുക്കാന്‍ പോയപ്പോള്‍ ഐസ് മെഷീനില്‍ കുടുങ്ങി കൈക്ക് പരിക്ക് പറ്റിയതായിരുന്നു. തുടര്‍ന്ന് വലതു കൈ മുറിച്ച് മാറ്റേണ്ടി വന്നു റഷീദിന്.

അരങ്ങാടത്ത് വാടക വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ഭാര്യ ഷരീഫ ഹൗലത്ത് ബീവി. മക്കള്‍: സയ്യിദ് മബ്‌നാന്‍ മുനഫര്‍, ഹന്നത്ത് ബീവി. ഒരു മകന്‍ ഒരു വര്‍ഷം മുന്‍പ് ബംഗളൂരുവില്‍ വാഹന അപകടത്തില്‍ മരണപ്പെട്ടു.

മകളെ സൈക്കിളിന് പിറകില്‍ ഇരുത്തി പോകുന്ന രംഗം ഫറോക്ക് ഗവ. ആശുപതിയിലെ ഓര്‍ത്തോ പീഡിയക് സര്‍ജന്‍ ഡോ. മുഹമ്മദ് റഈസാണ് വീഡിയോയില്‍ പകര്‍ത്തിയത്. പിന്നീട് ഫേസ് ബുക്കിലും, വാട്‌സാപ്പിലും ഷെയര്‍ ചെയ്യുകയായിരുന്നു.