ചെണ്ട കൊട്ടി വീടുകൾ കയറിയിറങ്ങി പ്രശ്നം അവതരിപ്പിച്ചു, കൊട്ടും പാട്ടുമായി നാടൊന്നിച്ചു, തങ്ങളുടെ നാടിന്റെ മുഖമുദ്രയായിരുന്ന തോടിനെ തിരികെ കൊണ്ടുവരാൻ; മാലിന്യ മുക്തയായി കൊടക്കാട്ടുമുറിയിലെ കൊന്നക്കൽ – എടക്കണ്ടി തോടിന് ഇത് രണ്ടാം ജന്മം


സുഹാനി എസ് കുമാർ

കൊയിലാണ്ടി: ‘ഇത്തവണത്തെ വേനൽ പ്രശ്നമാവുമോ, ഏയ് കൊന്നക്കൽ – എടക്കണ്ടി തോട് ഉണ്ടല്ലോ’, കുളിക്കാനും കുടിക്കാനും കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാനും നമ്മുടെ വറ്റാത്ത നീരുറവയല്ലേ അത്’. ഒരു നാടിൻറെ തന്നെ മുഖമുദ്രയായിരുന്നു കൊന്നക്കൽ – എടക്കണ്ടി തോട്. പ്രദേശവാസികളുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെ ആയിരുന്നു എന്നും പറയാം. എന്നാൽ കാലം കടന്നു പോയപ്പോള്‍ തോടിന്റെ മട്ട് മാറി, മാറി എന്നതിലുപരി മാറ്റി എന്ന് പറയുന്നതാവും നല്ലത്. പതിയെ മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള ഇടമായി ഇവിടം. ഇത് മരിച്ചു കൊണ്ടേയിരിക്കുന്നത് കണ്ടു നിൽക്കാനാവാതെ നാട്ടുകാർ ഒന്നിച്ചു കൂടി ആലോചിച്ചു, തോടിനു പുനർ ജന്മം നൽകാനായി, അൽപ്പം ആഘോഷമായി തന്നെ രണ്ടാം വരവ് കൊണ്ടാടാനും തീരുമാനിച്ചു. നാടൊന്നിച്ചതോടെ പുഴയും ഉണർന്നു.

കടുക്കുഴിച്ചിറയില്‍ തുടങ്ങി തോട്ടങ്ങോരി, കുന്നത്ത് താഴെ, തോട്ടങ്ങാരി താഴെ വഴി നെല്ലിയാടി പുഴയിലെത്തുന്ന ഒന്നര കിലോ മീറ്ററോളം നീളമുണ്ട്‌ ഈ തോടിന്. ഒരു കാലത്ത് തെളി നീരൊഴുകിയിരുന്ന സ്ഥാനത്ത് മുഴുവൻ പ്ലാസ്റ്റിക് മാലിന്യങ്ങളാൽ നിറയുകയായിരുന്നു. കോളോത്ത് വയലിലെ കര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ കഴിയാത്ത വിധം പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വയലില്‍ അടിഞ്ഞു. കൃഷി ചെയ്യാന്‍ കഴിയാതായതോടെ തോടിന്റെ മാത്രം പ്രശ്‌നം നാടിന്റെ പ്രശ്‌നമായി മാറി. അങ്ങനെ നാട്ടുകാര്‍ ചേര്‍ന്ന് ജനകീയ തോട് സംരക്ഷണ സമിതിക്ക് രൂപം നൽകുകയായിരുന്നു.

‘ഞങ്ങളുടെ ചെറുപ്പകാലത്തുള്ള പോലെ തോടിന്റെ നല്ല ഓര്‍മകള്‍ പുതുതലമുറയ്ക്കും പകര്‍ന്ന് നല്‍കണമെന്ന് മനസ്സിലുറപ്പിച്ച് എല്ലാവരും രംഗത്തെത്തുകയായിരുന്നു എന്ന് വാർഡ് കൗൺസിലറായ രമേശൻ മാസ്റ്റർ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ‘തോടിന്റെ ദുരവസ്ഥ മാറണം, പ്ലാസ്റ്റിക്ക് മാലിന്യങ്ങളും പായലും നിറഞ്ഞ തോട് വൃത്തിയാക്കണം എന്ന് തീരുമാനിച്ചതിനു ശേഷം അത് എങ്ങനെ നടപ്പിലാക്കാമെന്നുള്ള ചിന്തയായി’ മാസ്റ്റർ പറഞ്ഞു.

അദ്യ പടിയെന്നോണം തോട്ടില്‍ നാലിടങ്ങളില്‍ ഗ്രില്‍ സ്ഥാപിച്ചു. കൈവഴികളില്‍ നിന്നെത്തുന്ന മാലിന്യത്തെ തടഞ്ഞു. ചെണ്ട കൊട്ടി വീടുകൾ കയറിയിറങ്ങി നാട്ടിലേ എല്ലാവരോടും പ്രശ്നം അവതരിപ്പിച്ചു. നാല് സ്‌കോഡുകളായി തിരിഞ്ഞ് തോടിനിരുവശത്തുമുള്ള മുന്നൂറോളം വീടുകളില്‍ ആണ് കയറിയത്. മുന്നറിയിപ്പ് ബോര്‍ഡുകളും ബോധവല്‍ക്കരണ ക്ലാസുമെക്കെയായപ്പോള്‍ നാട്ടുകാര്‍ക്കും ആവേശമായി.

തോടിനായി നാടൊന്നിച്ചു, തോടിന്റെ തിരിച്ചുവരവ് നാടൊരാഘോഷമാക്കി. തോട് സംരക്ഷണ സംഘമവും കൊട്ടും പാട്ടുമായുള്ള തോട് നടത്തവുമെല്ലാമായപ്പോള്‍ തോടുണര്‍ന്നു. ഇനി ഒരിക്കലും പഴയ തോടിന്റെ അവസ്ഥ ഉണ്ടാകില്ലെന്ന് നാട്ടുകാരോരുത്തരും മനസ്സിലുറപ്പിച്ചു. മാലിന്യം ഇല്ലാതാക്കിയും, സംരക്ഷണ ഭിത്തി നിര്‍മിച്ചും, വേനല്‍ക്കാലത്തെ കനാല്‍ വെള്ളം തോട്ടിലേക്കെത്തിച്ചും തോടിന്റെ ജീവന്‍ നിലനിര്‍ത്തുക എന്നതാണ് ഇനി ഉള്ള ഇവിടുത്തെ നാട്ടുകാരുടെ ലക്ഷ്യം.