നൂറിന്റെ നിറവിൽ വീരവഞ്ചേരി എൽ.പി സ്കൂൾ; വാർഷികാഘോഷങ്ങൾക്ക് നാളെ തുടക്കം


കൊയിലാണ്ടി: വീരവഞ്ചേരി എൽ.പി  സ്കൂളിന്റെ നൂറാം വാർഷികാഘോഷങ്ങൾക്ക് നാളെ തുടക്കമാകും. വിവിധ പരിപാടികളോടെ നവംബര്‍ വരെ നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്കാണ് നാളെ തുടക്കമാവുക. വടകര എം.പി കെ.മുരളീധരനാണ് ശതാബ്ദി വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുക.

മൂടാടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ അധ്യക്ഷനാവുന്ന ചടങ്ങില്‍ സംസ്ഥാന നാളികേര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം.നാരായണന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍, വടകര ഡി.ഇ.ഒ സി.കെ.വാസു, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജീവാനന്ദന്‍ മാസ്റ്റര്‍, മൂടാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ.ഭാസ്‌കരന്‍, വാര്‍ഡ് മെമ്പര്‍ വി.കെ.രവീന്ദ്രന്‍, മേലടി എ.ഇ.ഒ പി.ഗോവിന്ദന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും.

വീരവഞ്ചേരി എൽ.പി  സ്കൂൾ നൂറാം വാർഷികാഘോഷത്തിന്റെ ലോഗോ


തുടര്‍ന്ന് എല്‍.എസ്.എസ് വിജയികള്‍ക്കുള്ള സമ്മാനദാനവും എന്‍ഡോവ്‌മെന്റ് വിതരണവും നടക്കും. രാവിലെ 10 മണി മുതല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ നടക്കും. രാത്രി 7:30 മുതല്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന ഗാനമേളയും നൃത്തനൃത്യങ്ങളും അരങ്ങേറും. തുടര്‍ന്ന് കേരള സംഗീത നാടക അക്കാദമി നടത്തുന്ന ഏകപാത്ര നാടകോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ‘അച്ഛന്‍ എന്ന അച്യുതണ്ട് ‘എന്ന നാടകവും അരങ്ങേറും.

ആഘോഷപരിപാടികളുടെ ഭാഗമായി തുടര്‍ന്നുവരുന്ന മാസങ്ങളില്‍ വിവിധ സമ്മേളനങ്ങള്‍, സെമിനാറുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, കലാപരിപാടികള്‍ എന്നിവ നടത്താന്‍ സംഘാടക സമിതി തീരുമാനിച്ചു. 2022 നവംബര്‍ അവസാനവാരം രണ്ടുദിവസങ്ങളിലായി നടക്കുന്ന സമാപന പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

പി.ടി.എ പ്രസിഡന്റ് ജിനേഷ് പുതിയോട്ടില്‍ ചെയര്‍മാനായും ഹെഡ്മിസ്ട്രസ്സ് ഗീത കെ. കുതിരോടി ജനറല്‍ കണ്‍വീനറായും ഡോക്ടര്‍ യു.ശ്രീധരന്‍ ട്രഷററായുമുള്ള സംഘാടകസമിതിയാണ് ആഘോഷപരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

വീരവഞ്ചേരി എൽ.പി സ്കൂൾ

1922 ൽ വീരവഞ്ചേരി പ്രദേശത്ത് സ്ഥാപിതമായ വീരവഞ്ചേരി കൃഷ്ണവിലാസം എലിമെന്ററി സ്കൂളാണ് ഇന്നത്തെ വീരവഞ്ചേരി എൽ.പി സ്കൂൾ. ജാതി ചിന്തയിൽ അധിഷ്ഠിതമായ കേരളസമൂഹത്തിൽ നിരക്ഷരത തീരാശാപമായി നിലകൊണ്ടിരുന്ന സമയത്ത് ‘പടിഞ്ഞാറ്റെടുത്തുന്നോല്’ എന്ന സ്ഥാനപ്പേര് അലങ്കരിച്ചിരുന്ന രാമൻ നായർ സൗജന്യമായി അനുവദിച്ച ചങ്ങരോത്ത് പറമ്പിൽ അദ്ദേഹത്തിന്റെ അനന്തരവൻ പി.കെ.കുഞ്ഞിരാമൻ നായരാണ് സ്കൂൾ സ്ഥാപിച്ചത്. അങ്ങനെ ‘ചങ്ങരോത്ത് സ്കൂൾ ‘എന്നും ഈ വിദ്യാലയം അറിയപ്പെട്ടു.

ജാതി വ്യവസ്ഥ കൊടുമ്പിരിക്കൊണ്ടിരുന്ന അക്കാലത്ത് മറ്റു സമീപ വിദ്യാലയങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ സ്കൂളിൽ ജാതി-മത-ലിംഗ ഭേദമില്ലാതെ എല്ലാവർക്കും പ്രവേശനം നൽകി. എന്നുമാത്രമല്ല പ്രഥമ പ്രധാനാധ്യാപകൻ ചെറിയക്കൻ നായർക്കു ശേഷം അടുത്ത പ്രധാനാധ്യാപകനായ യു.വി.കേളു മാസ്റ്റർ വരേണ്യ വർഗ്ഗത്തിൽപ്പെട്ട ഒരാളായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

[bot1]