‘എംബാം ചെയ്തിരുന്നതിനാല്‍ ജീര്‍ണ്ണിച്ചിരുന്നില്ല, മുഖം തിരിച്ചറിയാന്‍ സാധിക്കുമായിരുന്നു’; വ്‌ളോഗര്‍ റിഫ മെഹ്‌നുവിന്റെ മൃതദേഹം പുറത്തെടുത്ത അബ്ദുള്‍ അസീസ് പറയുന്നു


കോഴിക്കോട്: ദുബായില്‍ മരിച്ച മലയാളി വ്‌ളോഗര്‍ റിഫ മെഹ്‌നുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി പുറത്തെടുത്തു. കോഴിക്കോട് തഹസില്‍ദാറുടെ മേല്‍നോട്ടത്തില്‍ പാവണ്ടൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നിന്നാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പുരോഗമിക്കുകയാണ്.

ഒളവണ്ണയിലെ മുന്‍ പഞ്ചായത്ത് അംഗം കൂടിയായ അബ്ദുള്‍ അസീസാണ് മൃതദേഹം പുറത്തെടുത്തത്. ദുരൂഹ മരണങ്ങളിലും അപകട മരണങ്ങളിലുമെല്ലാം അസീസിന്റെ സഹായത്തോടെയാണ് പൊലീസ് മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യാറുള്ളത്. താന്‍ കൈകാര്യം ചെയ്യുന്ന 3901-ാമത്തെ മൃതദേഹമാണ് റിഫയുടെത് എന്ന് അദ്ദേഹം പറയുന്നു.

‘റിഫയുടെ മൃതദേഹം ജലാംശമെല്ലാം നഷ്ടപ്പെട്ട് ചുക്കിച്ചുളിഞ്ഞ നിലയിലായിരുന്നു. എന്നാല്‍ എംബാം ചെയ്തിരുന്നതിനാല്‍ കാര്യമായി അഴുകിയിരുന്നില്ല. മുഖമെല്ലാം മനസിലാവുന്ന തരത്തിലായിരുന്നു. മൃതദേഹത്തില്‍ പരിക്കുകളും ഇല്ലായിരുന്നു.’ -അബ്ദുള്‍ അസീസ് പറഞ്ഞു.

സൗജന്യമായാണ് അബ്ദുള്‍ അസീസ് മൃതദേഹങ്ങള്‍ മറവുചെയ്യുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ചെയ്യുന്നത്. ആരെങ്കിലും നിര്‍ബന്ധിച്ച് പണം തരാന്‍ ശ്രമിച്ചാല്‍ അവരോട് വീല്‍ ചെയറോ വാട്ടര്‍ ബെഡ്ഡോ സംഭാവനയായി നല്‍കാനാണ് ഈ 57 കാരന്‍ ആവശ്യപ്പെടുക.

റിഫയുടെ മൃതദേഹം പുറത്തെടുക്കാന്‍ അഞ്ച് ദിവസം മുമ്പാണ് പൊലീസ് ഇദ്ദേഹത്തെ സമീപിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി ഇന്ന് തന്നെ മൃതദേഹം വീണ്ടും മറവുചെയ്യും.

[bot1]