വെള്ളറക്കാട് കാറുകള്‍ കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്ക്


കൊയിലാണ്ടി: ദേശീയപാതയില്‍ വെള്ളറക്കാട് വാഹനാപകടം. രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വൈകീട്ട് നാലേ കാലോടെയായിരുന്നു അപകടം.

അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സാരമായി പരിക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറും വടകര ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് മൂടാടിക്കും വെള്ളറക്കാടിനും ഇടയില്‍ ദേശീയപാതയി കൂട്ടിയിടിച്ചത്. പയ്യോളി അങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാറും വടകരയ്ക്കടുത്ത് തണ്ണീർപന്തൽ സ്വദേശികൾ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. പയ്യോളി അങ്ങാടി സ്വദേശി കൃഷ്ണൻ, ഭാര്യ ശാരദ എന്നിവരെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.