ഇത് അപകടം ക്ഷണിച്ചുവരുത്തലല്ലേ? കാപ്പാട് റെയില്‍ ട്രാക്കിനരികിലുള്ള വഴിയില്‍ പൊന്തക്കാടുകള്‍ വളര്‍ന്ന് വഴി മൂടിയിട്ടും മൈന്റ് ചെയ്യാതെ അധികൃതര്‍; വിദ്യാര്‍ഥികളടക്കം സഞ്ചരിക്കുന്നത് ട്രാക്കിലൂടെ


പൂക്കാട്: കാപ്പാട് റെയില്‍വേ പാളത്തിന് സമീപം പാതയോരത്ത് പൊന്തക്കാട് വളരുന്ന നിലയില്‍.
പാതയോരത്തെ പൊന്തക്കാട് കാരണം റെയില്‍വേ ട്രാക്കിലൂടെ നടന്നു പോകുന്ന കുട്ടികള്‍.

കൊയിലാണ്ടി: കാപ്പാട് റെയില്‍വേ ഗെയിറ്റിനും പൂക്കാടിനും ഇടയില്‍ റെയില്‍വേ പാതയോരങ്ങളിലെ അടിക്കാടുകള്‍ വെട്ടിമാറ്റാത്തതിനാല്‍ ചുറ്റും പൊന്തക്കാടുകള്‍ വളര്‍ന്നതോടെ ജീവന്‍ പണയം വെച്ച് ഇതുവഴി യാത്ര ചെയ്യേണ്ട സ്ഥിതിയിലായി നാട്ടുകാരും വിദ്യാര്‍ഥികളും.

പാതയോരത്ത് താമസിക്കുന്നവര്‍ക്ക് റോഡിലെത്താന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാല്‍ റെയില്‍വേ ട്രാക്കിന്റെ ഓരത്തിലൂടെയാണ് യാത്ര ചെയ്യാറുള്ളത്. പാളത്തിന് സമീപത്തേക്ക് കാട് വളര്‍ന്ന് കിടക്കുന്നതിനാല്‍ പാളത്തിലൂടെ യാത്ര ചെയ്യേണ്ട അവസ്ഥയിലാണ് ഇവിടെയുള്ളവര്‍. ട്രാക്കിന് പുറത്തായി മൂന്ന് മീറ്ററോളം വീതിയുള്ള വഴിയുണ്ടായിരുന്നിടത്താണിത്.

സ്‌കൂളില്‍ പോകുന്ന കൊച്ചുവിദ്യാര്‍ഥികളടക്കം നിരവധി പേരാണ് ഇതുവഴി യാത്ര ചെയ്യുന്നത്. തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് പോകുന്ന ഈ ഭാഗത്തുള്ള കുട്ടികളും അപകടം മുന്നില്‍ കണ്ട് റെയില്‍വേ ട്രാക്കിലൂടെ പോകേണ്ട സ്ഥിതിയാണ്.

മുമ്പൊക്കെ റെയില്‍വേ ജീവനക്കാരെത്തി ട്രാക്കിന് സമീപത്തെ മുഴുവന്‍ കാടുകളും വെട്ടിമാറ്റി തീയ്യിട്ട് കരിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ മൂന്ന് വര്‍ഷത്തിലേറെയായി ഒരു ക്ലീനിംങ്ങ് പ്രവൃത്തിയും നടത്താറില്ലെന്ന് പ്രദേശവാസിയും അധ്യാപികയും ചിത്രകാരിയുമായ മജിനി തിരുവങ്ങൂര്‍ പറഞ്ഞു. റെയില്‍വേയോരത്തെ പൊന്തകാടില്‍ മുളളന്‍ പന്നി, ഉടുമ്പ്, പെരുമ്പാമ്പ് എന്നിവയെല്ലാം ഉണ്ട്.

സമീപവാസികള്‍ക്ക് റെയില്‍വേ പാതയോരത്തെ കാട് വെട്ടാന്‍ അനുമതിയില്ല. അനുമതി ലഭിച്ചാല്‍ നാട്ടുകാര്‍ തന്നെ പാതയോരം ശുചീകരിക്കുമായിരുന്നു. റെയില്‍വേ പാതയോരത്തെ വഴിയല്ലാതെ പരിസരത്തെ പത്ത് വീട്ടുകാര്‍ക്ക് റോഡിലെത്താന്‍ മറ്റ് മാര്‍ഗ്ഗങ്ങളൊന്നുമില്ല.