‘ഇനിയും മൂക്കിൽ നിന്ന് ചോര മണം മാറിയിട്ടില്ല. ട്രെയിനിലും ആൾക്കാരുടെ ദേഹത്തുമെല്ലാം ചോരയായിരുന്നു, അക്രമണത്തിനൊപ്പം കേട്ടാലറയ്ക്കുന്ന അസഭ്യവർഷവും; കൊയിലാണ്ടിയിൽ ട്രെയിനിൽ യാത്രക്കാരെ ബ്ലേഡുപയോഗിച്ച് പരിക്കേൽപ്പിച്ചത് മുചുകുന്ന്, നടക്കാവ് സ്വദേശികളായ യുവാക്കൾ


കൊയിലാണ്ടി: തീവണ്ടിയിൽ അസഭ്യ വർഷവും ആക്രമണവും ചെയ്തത് മുചുകുന്ന്, നടക്കാവ് സ്വദേശികളായ യുവാക്കൾ. മുചുകുന്ന് നെല്ലൊളിത്താഴെ എരോത്ത്താഴ സുബീഷ് (മുപ്പത്തിമൂന്ന്), നടക്കാവ് സ്വദേശിയായ ക്രിസ്റ്റഫർ (ഇരുപത്തിയെട്ട്) എന്നിവരാണ് ബ്ലേഡ് കൊണ്ട് യാത്രക്കാരെ ആക്രമിച്ചത്. ഇരുവരും മദ്യലഹരിയിലായിരുന്നു. നിരവധിപേർക്ക് പരിക്കേറ്റു.

ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. വടകരയിൽ നിന്ന് വാഹനം നീങ്ങി തുടങ്ങിയപ്പോൾ മുതൽ ഇവർ അസഭ്യം പറയുകയും പതിയെ ബ്ലെയ്‌ഡെടുത്ത് യാത്രക്കാരെ ആക്രമിക്കാൻ ആരംഭിക്കുകയുമായിരുന്നുവെന്നു ആക്രമത്തിൽ പരിക്കേറ്റവർ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

അക്രമം തുടർന്ന ഇവരെ കൊയിലാണ്ടി സ്റ്റേഷൻ എത്തിയതോടെ ഇവരെ പിടികൂടി പുറത്തേക്ക് ഇറക്കുകയായിരുന്നു . എന്നാൽ ഇവർ കൈതെറിപ്പിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും യാത്രക്കാരും നാട്ടുകാരുൾപ്പെടെയുള്ളവരും ചേർന്ന് പിടികൂടുകയുമായിരുന്നു എന്ന് അക്രമത്തിനിരയായ റഹിം, റഷിദ് എന്നിവർ പറഞ്ഞു. മീൻ എടുക്കാനായി ചോമ്പാലയിൽ പോയതായിരുന്നു ഇരുവരും, വാഹനം വടകരയിൽ ഇട്ടിട്ടു ട്രെയിനിൽ കയറുകയായിരുന്നു. അപ്പോഴാണ് അക്രമം ഉണ്ടായത്.

വണ്ടിയിൽ ഉണ്ടായിരുന്ന സ്ത്രീകളുൾപ്പെടെയുള്ളവർ അക്രമണത്തിനിരയായെന്നും, പരിക്കേറ്റ ദുരെ യാത്രക്കാർ പേടിച്ചിട്ടു വണ്ടിയിൽ നിന്ന് ഇറങ്ങിയില്ല എന്നും കൂട്ടിച്ചേർത്തു. തങ്ങളുടെ ശരീരത്തിൽ നിന്ന് ഒരുപാട് രക്തം പോയെന്നും, പരിക്കുകളുണ്ടെന്നും ഇവർ പറഞ്ഞു.

‘ക്ഷമയുടെ നെല്ലിപ്പലക കടന്നപ്പോഴാണ് താൻ അവിടേക്ക് ചെന്നതും കേൾക്കാൻ കൊള്ളാത്ത തരത്തിലുള്ള അസഭ്യങ്ങൾ ആയിരുന്നു ഇവർ പറഞ്ഞു കൊണ്ടിരുന്നതെന്നും ദൃക്‌സാക്ഷിയായ സജിൻ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ‘ഇനിയും മൂക്കിൽ നിന്ന് ചോര മണം മാറിയിട്ടില്ല. ട്രെയിനിലും ആൾക്കാരുടെ ദേഹത്തുമെല്ലാം ചോരയായിരുന്നു’ അദ്ദേഹം കൂട്ടിച്ചേർത്തു.


പരിക്കേറ്റവരെയും അക്രമികളെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ പോലീസുകാരെത്തിയപ്പോഴേക്കും പ്രതികളിലൊരാൾ താൻ മനോരോഗിയാണെന്നും എല്ലാവരും ചേർന്ന് തന്നെയാണ് ഉപദ്രവിച്ചതെന്നും തരത്തിൽ സംസാരിക്കുകയും ചെയ്തിരുന്നു.

സംഭവം നടന്നു ഏറെ നേരമായിട്ടും ഇതുവരെ പ്രതികളുടെ അറസ്റ്റ് രേഖപെടുത്താത്തതിൽ ശക്തമായ പ്രതിഷേധമാണ് താലൂക്ക് ആശുപത്രിയിൽ കൂടി നിന്നവർ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് അറിയിച്ചത്. ആശുപത്രിയിലെ പ്രാഥമിക കാര്യങ്ങളെല്ലാം ലോക്കൽ പോലീസ് ചെയ്യുകയും റെയിൽവേ പോലീസ് വന്നപ്പോൾ കൈമാറുകയുമായിരുന്നു. എന്നാൽ ഇവരെ ഏറ്റെടുക്കാൻ തങ്ങൾക്ക് നിയമപരമായ പ്രശ്നങ്ങളുണ്ടെന്നും അതിനാൽ പറ്റില്ല എന്നും പറയുകയായിരുന്നു.

ഇതിനിടയിൽ അക്രമികളിലൊരാൾ പുറത്തേക്കിറങ്ങുകയും നാട്ടുകാർ ചേർന്ന് ഇയാളെ തടയുകയുമായിരുന്നു. ഇത്രയും പേരെ പരിക്കേൽപ്പിച്ച അക്രമികളെ വെറുതെ വിടാൻ പറ്റില്ല എന്നും ഇതിൽ നടപടി ഉണ്ടായേ തീരു എന്ന ശക്തമായ ആവശ്യത്തിനൊടുവിൽ വൈകാതെ കോഴിക്കോട് നിന്ന് വാഹനം എത്തുമെന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്. മണിക്കൂറുകളേറെ പിന്നിട്ടിട്ടും നടപടി എടുക്കാത്തതിലുള്ള പ്രതിഷേധം പരിക്കേറ്റവരും ഒപ്പമുള്ളവരും അറിയിച്ചു.

അക്രമികളിലൊരാളായ മുചുകുന്ന് സ്വദേശി സുബീഷ് മുൻപും നിരവധി കേസുകളിൽ പ്രതിയാണ്.