ഭക്ഷണശേഷം ചായ കുടിക്കുന്നവരാണോ നിങ്ങള്‍, എങ്കില്‍ പേടിക്കണം! ഭക്ഷണശേഷമുള്ള ഈ ശീലങ്ങള്‍ നിങ്ങളെ രോഗിയാക്കും


ഭക്ഷണ കാര്യത്തില്‍ പലര്‍ക്കും പല ശീലങ്ങളാണ്. ചിലര്‍ കൃത്യ സമയത്ത്‌ ഭക്ഷണം കഴിക്കുമ്പോള്‍ ചിലരാകട്ടെ ഒരുപാട് നേരം വൈകിയാണ് ഭക്ഷണം കഴിക്കുന്നത്. ഇതില്‍ നിന്നല്ലൊം വ്യത്യസ്തമായി വയറ് നിറയെ ഭക്ഷണം കഴിച്ച് മണിക്കൂറുകളോളം ഉറങ്ങുന്നവരുമുണ്ട്. എന്നാല്‍ കാര്യയായ ആരോഗ്യപ്രശ്‌നങ്ങള്‍ വരുമ്പോള്‍ മാത്രമാണ് നമ്മള്‍ ഭക്ഷണ ശീലങ്ങളെക്കുറിച്ച് ചിന്തിക്കുന്നത്.

പലപ്പോഴും പോഷകസമൃദ്ധമായ ഭക്ഷണം കഴിച്ചിട്ടും അവയൊന്നും ഫലത്തില്‍ കാണാത്തത് തെറ്റായ ഭക്ഷണ ശീലങ്ങള്‍ കാരണമാണ്. എന്നാല്‍ ഇന്ന് മുതല്‍ ഭക്ഷണ ശീലത്തില്‍ ചെറിയ ചെറിയ മാറ്റങ്ങള്‍ വരുത്തി നോക്കൂ, ഒരു മാസത്തിനുള്ളില്‍ നിങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് മാറ്റം വരുന്നത് കാണാന്‍ സാധിക്കും. അത്തരത്തില്‍ ഭക്ഷണ ശേഷം നമ്മള്‍ എല്ലാവരും ചെയ്യുന്ന, എന്നാല്‍ ചെയ്യാന്‍ ഒരിക്കലും പാടില്ലാത്ത ചില കാര്യങ്ങളിതാ.

1- ഭക്ഷണം കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത്‌

ഭക്ഷണം കഴിച്ചയുടന്‍ തന്നെ വെള്ളം കുടിക്കുന്ന ശീലക്കാരാണ് പലരും. എന്നാല്‍ ഇത്തരത്തില്‍ വെള്ളം കുടിക്കുന്നത് അമിതവണ്ണത്തിന് കാരണമാകും. കൂടാതെ ഭക്ഷണ കഴിച്ചയുടന്‍ വെള്ളം കുടിക്കുന്നത് ദഹനത്തെ കാര്യമായി ബാധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പഴങ്ങളും പച്ചക്കറികളും കഴിച്ചയുടന്‍ വെള്ളം കുടിക്കുന്നത് നല്ലതാണ്.

2- ഭക്ഷണം കഴിച്ച ഉടനെയുള്ള ചായ കുടി

വെള്ളം പോലെ ഭക്ഷണം കഴിച്ചയുടന്‍ തന്നെ ചായ കുടിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ആ ശീലം പൂര്‍ണമായും ഉപേക്ഷിക്കുക. കാരണം ചായയിലുള്ള ടാനിക് ആസിഡ് ആഹാരത്തിലെ പ്രോട്ടീനും അയണും വലിച്ചെടുക്കും. ഇത് കാരണം ഭക്ഷണത്തിലൂടെ ലഭിക്കുന്ന അവശ്യ പ്രോട്ടീനുകള്‍ നമുക്ക് ലഭിക്കാതെ വരും.

3- ഭക്ഷണശേഷം പഴങ്ങള്‍ കഴിക്കുന്ന ശീലം

ഭക്ഷണം കഴിച്ചശേഷം വെള്ളം കുടിക്കുന്നതുപോലെ പലരും പഴങ്ങളും കഴിക്കാറുണ്ട്. എന്നാല്‍ ഈ ശീലം അത്ര നല്ലതല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാരണം ഭക്ഷണ ശേഷം പഴങ്ങള്‍ കഴിക്കുമ്പോള്‍ പഴങ്ങളില്‍ നിന്ന് ശരീരം പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നത് കുറയ്ക്കുന്നു.

4- ഭക്ഷണം കഴിച്ച ഉടനെയുള്ള ഉറക്കം

വയറ് നിറയെ ഭക്ഷണം കഴിച്ച് ഉച്ചയ്ക്ക് ഒരു ഉറക്കം പലര്‍ക്കും പതിവുള്ളതാണ്. എന്നാല്‍ ഈ ശീലം വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ഭക്ഷണശേഷം ഒട്ടും ഗ്യാപ്പില്ലാതെ ഉറങ്ങിയാല്‍ ശരീരത്തിലെ കൊഴുപ്പ് വര്‍ധിക്കുകയും മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. കൂടാതെ ഭക്ഷണം ശരിയായ രീതിയില്‍ ദഹിക്കുകയുമില്ല.

5- ഭക്ഷണ ശേഷമുള്ള മദ്യപാനവും പുകവലിയും

പുകവലിയും മദ്യപാനവും എന്നും ആരോഗ്യത്തിന് ഹാനികരമാണ്. എന്നാല്‍ ഭക്ഷണം കഴിച്ചയുടനെയുള്ള പുകവലിയും മദ്യപാനവും ആരോഗ്യപ്രശ്‌നങ്ങള്‍ ഇരട്ടിയാക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്.

6- അല്‍പ നേരമുള്ള നടത്തം

ഭക്ഷണം കഴിച്ച ശേഷം അല്‍പ നേരം നടക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കുറഞ്ഞത് 100 ചുവടെങ്കിലും നടക്കണം. അങ്ങനെ കൃത്യമായി നടക്കുകയാണെങ്കില്‍ നമ്മുടെ ശരീരം ഫിറ്റായി നിലനില്‍ക്കുകയും ദഹനപ്രക്രിയ മെച്ചപ്പെടുകയും ചെയ്യും.