ജില്ലയിലെ ‘മാതൃകാ വിദ്യാലയം’; തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌ക്കൂളില്‍ ‘മോഡൽ സ്കൂൾ’ പ്രവർത്തന പദ്ധതിക്ക് ഗംഭീര തുടക്കം


പയ്യോളി: തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കാനത്തിൽ ജമീല എംഎൽഎയും മോഡൽ സ്കൂൾ പ്രവർത്തന പദ്ധതി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം വി.പി ദുൽഖിഫിലും നിർവഹിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ കൂടുതൽ ഫണ്ട് കണ്ടെത്തി അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധിക്കും വിധം സ്‌ക്കൂളുകളെ മാതൃകാവിദ്യാലയമാക്കി പദ്ധതിയാണ് ‘മോഡല്‍ സ്‌ക്കൂള്‍’.

കേരളത്തിലെ14 ജില്ലകളിൽ നിന്നായി 14 വിദ്യാലയങ്ങളെയാണ് ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ നിന്ന് തിക്കോടിയൻ സ്മാരക ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌ക്കൂളിനാണ് ഈ ഭാഗ്യം ലഭിച്ചിരിക്കുന്നത്‌.

14 മേഖലകളുടെ വികസനത്തിനായി പതിമൂന്നേ മുക്കാൽ ലക്ഷം രൂപയാണ് ആദ്യ ഘട്ടത്തിൽ സ്കൂളിന് അനുവദിക്കുക. 2018 മുതൽ സ്‌ക്കൂളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ജനകീയ വിഭവ സമാഹരണം വഴി പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ ‘ഒപ്പം’ പദ്ധതിയിലൂടെ ‘ഒരു നാൾ ഒരു കോടി’ പ്രഖ്യാപനത്തിലൂടെയാണ് സ്കൂളിൻ്റെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് തുടക്കമിട്ടത്. അന്ന് ലക്ഷ്യമിട്ടതിനേക്കാൾ കോടിയലധികം രൂപയാണ്‌ സ്കൂളിൻ്റെ വികസനത്തിനായി ലഭിച്ചത്.

പി.ടി.എ പ്രസിഡന്റുമാരായിരുന്ന കെ.പി ഗിരീഷ് കുമാർ, ബിജു കളത്തിൽ പ്രധാന അധ്യാപകനായിരുന്ന കെ.എം ബിനോയ് കുമാർ എന്നിവരുൾപ്പടെയുള്ള കൂട്ടായ പ്രവർത്തനമാണ് സ്‌ക്കൂളിനെ മികവുറ്റതാക്കി മാറ്റിയതിന്റെ മറ്റൊരു പ്രധാന കാരണം. ഭിന്നശേഷി വിദ്യാർത്ഥികൾക്കായി ആകാശയാത്ര, ബിരിയാണി ചാലഞ്ച് വഴി പതിമൂന്ന് ലക്ഷം രൂപയുടെ പഠന സാമഗ്രികൾ, 2021 ൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ്, എന്നിവടൊപ്പം 2019ൽ സംസ്ഥാനത്തെ ഏറ്റവും മികച്ച പി.ടി.എ.ക്കുള്ള സി.എച്ച് മുഹമ്മദ് കോയ സ്മാരക അവാർഡും തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിനായിരുന്നു ലഭിച്ചത്‌.

ചടങ്ങില്‍ തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്തംഗം എം.കെ ശ്രീനിവാസൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ കെ.പി ഷെക്കീല, അംഗം ബിനു കാരോളി, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ മോഹനൻ പാഞ്ചേരി, വി.എച്ച്.സി പ്രിൻസിപ്പൽ നിഷ വി, സ്റ്റാഫ് സെക്രട്ടറി എ പ്രിയ, പിടിഎ വെെസ് പ്രസിഡന്റ് മൊയ്തീൻ പെരിങ്ങാട്, ബിജു കളത്തിൽ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് സബീഷ് കുന്നങ്ങോത്ത് സ്വാഗതവും ഹെഡ് മാസ്റ്റർ എൻ എം മൂസകോയ നന്ദിയും പറഞ്ഞു.