ഇരുട്ടിന്റെ മറ നീക്കി ചൂട്ട് കറ്റകൾ തെളിഞ്ഞു, ചെണ്ടപ്പുറത്തെ കോൽത്താളങ്ങൾ തെയ്യത്തിന്റെ പുറപ്പാട് അറിയിച്ചു, കാൽചിലമ്പ് കിലുക്കി ദൈവവിളിയോടെ തെയ്യം പാഞ്ഞടുത്തു; കണയങ്കോട് ശ്രീ തലച്ചില്ലോൻ ദേവീ ക്ഷേത്രത്തിലെ തെയ്യക്കാഴ്ചകൾ കാണാം
കൊയിലാണ്ടി: ഇനി കൊയിലാണ്ടിയിലെങ്ങും തെയ്യക്കാലമാണ്. വിവിധ ഐതിഹ്യങ്ങളുമായി വ്യത്യസ്തമായ തെയ്യക്കോലങ്ങള്‍ ഇനി കാവുകളിലും തറവാട്ട് മുറ്റങ്ങളിലും ഉറഞ്ഞാടും. കേവലം ഭക്തിക്കുമപ്പുറം ആസ്വാദനത്തിന്റെ തലങ്ങളുമുണ്ട് തെയ്യത്തിന്.
മനുഷ്യന് ദേവതാരൂപം ധരിച്ച് ഉറഞ്ഞു തുള്ളുകയും അതിലൂടെ ദേവതയെ പ്രീതിപ്പെടുത്തുകയും തിരിച്ചു ദേവത സമൂഹത്തിന് ഐശ്വര്യവും സമാധാനവും നല്കുന്ന വിശ്വാസപ്രക്രിയയാണ് തെയ്യം. അമ്മ ദൈവങ്ങള്‍, മന്ത്രമൂര്ത്തികള്, ഇതിഹാസ കഥാപാത്രങ്ങള്‍, വനദേവതകള്‍, നാഗകന്യകകള്‍, വീരന്മാര്, സമൂഹത്തിലെ തിന്മകള്ക്കെതിരെ പൊരുതി വീരമൃത്യുവരിച്ചവര്‍-ഇവരെല്ലാം തെയ്യങ്ങളായി പ്രത്യക്ഷപ്പെടാറുണ്ട്. വണ്ണാന്‍, മലയന്‍, മാവിലന്, വേലന്‍, മുന്നൂറ്റാന്‍, അഞ്ഞൂറ്റാന്‍, പുലയര്‍, കോപ്പാളര്‍ തുടങ്ങിയവരാണ് സാധാരണ തെയ്യക്കോലങ്ങള്‍ കെട്ടുന്നത്. നിശ്ചിത തെയ്യങ്ങള്‍ നിശ്ചിത വിഭാഗക്കാര്‍ മാത്രമേ അവതരിപ്പിക്കൂ.
കൊയിലാണ്ടി കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവി ക്ഷേത്രത്തിൽ തുലാം പത്തിനോടനുബന്ധിച്ച് നടന്ന തിറയിലാണ് നിധീഷ് കുറുവങ്ങാട് കോലധാരിയയായത്. തെയ്യത്തിലെ ഭാവഭേദങ്ങൾ തന്റെ ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്തിരിക്കുകയാണ് പ്രശസ്ത ഫോട്ടോഗ്രാഫറായ ജോണി എം പീസ്.