ഒടുവിൽ കള്ളനെ കിട്ടി; കൊരയങ്ങാട് തെരുവില്‍ എണ്‍പതുകാരിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത കള്ളന്‍ പിടിയില്‍
കൊയിലാണ്ടി: കൊരയങ്ങാട് തെരുവിലെ എണ്‍പതുകാരിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത മോഷ്ടാവ് പിടിയില്‍. ചെറിയമങ്ങാട് പുതിയപുരയില്‍ ശ്രീജിത്താണ്(48) പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വീട്ടില്‍ ഉറങ്ങുകയായിരുന്ന കൊമ്പൻ കണ്ടി ചിരുതേയിയുടെ വായ പൊത്തിപ്പിടിച്ച് ഇയാള്‍ ഒന്നര പവനോളം വരുന്ന മാല പൊട്ടിച്ചെടുത്തത്.
കൊയിലാണ്ടിയിലെ സ്ഥിരം മോഷ്ടാവായ ഇയാളെ കോഴിക്കോട് മാവൂര്‍ റോഡില്‍ നിന്നുമാണ് സാഹസികമായി മല്‍പ്പിടുത്തത്തിലൂടെ കൊയിലാണ്ടി പോലീസ് പിടികൂടിയത്. കൊയിലാണ്ടിയില്‍ അടുത്തിടെ മോഷണം പതിവായതോടെ സി.ഐ.എം.വി.ബിജുവിൻ്റെ നേതൃത്വത്തിൽ എസ്.ഐ.അനീഷ്, എം.പി. ശൈലേഷ്, ബിജു വാണിയംകുളം, വനിതാ പോലീസ് ഉൾപ്പെടെയുള്ള സംഘം കള്ളന് പിന്നാലെയായിരുന്നു.
തുടര്‍ന്ന് മോഷണം നടന്ന വീടിന് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പ്രതിയെപ്പോലെ ഒരാളെ ദൃശ്യങ്ങളില്‍ കാണുകയും ദൃശ്യങ്ങള്‍ പോലീസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയുമായിരുന്നു. പിന്നാലെ
പ്രതിയെപ്പോലെ സംശയം തോന്നുന്നൊരാളെ കണ്ടുവെന്ന് ഒരു സ്ത്രീ പറഞ്ഞതോടെയാണ് ഇയാളെ ചുറ്റിപ്പറ്റി അന്വേഷണം നടന്നത്. ശേഷം ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു.
കഴിഞ്ഞ ദിവങ്ങളില്‍ പാലക്കുളങ്ങരയിലും വീടിൻ്റെ വാതിൽ പൊളിച്ച് വീട്ടമ്മയുടെ 3 പവനോളം വരുന്ന സ്വർണ്ണമാല കവർന്നിരുന്നു, കൂടാതെ ആനക്കുളങ്ങരയിലും വീടിൻ്റെ വാതിൽ തകർത്ത് സ്ത്രീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്നിരുന്നു. ഈ മോഷണവും നടത്തിയത് ഇയാളാണെന്ന് പോലീസ് സംശയിക്കുന്നു.