നാട്ടുകാരുടെ ഉറക്കം കെടുത്തി കള്ളന്മാരുടെ വിളയാട്ടം; പുളിയഞ്ചേരിയില്‍ വീടിന്റെ വാതില്‍ കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമം


പുളിയഞ്ചേരി: പുളിയഞ്ചേരിയില്‍ വീടിന്റെ ടെറസിലേക്കുള്ള വാതില്‍ കുത്തിത്തുറന്ന് മോഷണം നടത്തതാന്‍ ശ്രമം നടന്നതായി പരാതി. പുളിയഞ്ചേരി പുതിയോട്ടില്‍ താഴെ മരക്കുളത്തില്‍ സുനിലിന്റെ വീട്ടിലാണ് ബുധനാഴ്ച്ച പുലര്‍ച്ചെയോടെ മോഷണ ശ്രമം നടന്നത്.

മോഷ്ടാവ് വീടിന്റെ ടെറസിലേക്കുള്ള വാതില്‍ കുത്തിത്തുറന്ന് അകത്തുകടക്കാന്‍ ഉള്ള ശ്രമം നടത്തുന്നതിനിടെ വാതിലിന് പുറകുവശത്തായി വീട്ടുകാര്‍ വെച്ചിരുന്ന സ്റ്റീല്‍ പാത്രം നിലത്ത് വീഴുകയും ശബ്ധം കേട്ട് വീട്ടുകാര്‍ ലൈറ്റ് ഇടതിനെത്തുടര്‍ന്ന് മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. വീടിന്റെ ചുമരില്‍ ചവിട്ടിക്കയറിയതിന്റെ പാടുകളും ഉണ്ട്.

പറമ്പില്‍ വാഴയ്ക്ക് കുത്തി വെച്ചിരുന്ന കമ്പി ഉപയോഗിച്ച് മുകളിലേക്ക് കയറിയതാവാം എന്ന് സംശയിക്കുന്നതായും വീട്ടുകാര്‍ പറഞ്ഞു. ഇത് നിലത്ത് വീണു കിടക്കുന്ന നിലയിലായിരുന്നു. വീട്ടില്‍ നിന്നും സാധനങ്ങളൊന്നും മോഷണം പോയിട്ടില്ല.